കേരളത്തില്‍ ഇനി പെട്ടിക്കട പോലും നടത്തില്ലെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ

കേരളത്തില്‍ ഇനി പെട്ടിക്കട പോലും നടത്തില്ലെന്നും മറ്റു രാജ്യങ്ങളില്‍ പോയി അദ്ധ്വാനിക്കുമെന്നും പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ പി.വി. അന്‍വര്‍ മലപ്പുറത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നേതാക്കളെ കാണാനെത്തിയതായിരുന്നു.
ചീങ്കണ്ണിപ്പാലിയിലെ തടയണ അവിടത്തെ 28 ആദിവാസികളെയും ബാധിക്കില്ലെന്നത് അവര്‍ തന്നെ കളക്ടറെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഒന്നര കിലോമീറ്റര്‍ അപ്പുറത്തെ കരിമ്പില്‍ കോളനിയിലെ ആദിവാസികള്‍, തടയണയുള്ളതിനാല്‍ കിണറുകളില്‍ വെള്ളമുണ്ടെന്നും അത് പൊളിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. പൊതുപ്രവര്‍ത്തനം ഭംഗിയായി കൊണ്ടുപോവാനാണ് കേരളത്തിലെ ബിസിനസ് താന്‍ ഉപേക്ഷിച്ചത്. പ്രതിപക്ഷ നേതാവിന്റെ ബിസിനസ്സ് കോണ്‍ഗ്രസ് ആയിരിക്കും. താന്‍ അദ്ധ്വാനിച്ച് ജീവിക്കുന്നവനും അങ്ങനെ ജീവിക്കാന്‍ പഠിപ്പിച്ച പിതാവിന്റെ മകനുമാണ്. ഇനിയും ആഫ്രിക്കയില്‍ പോയി അദ്ധ്വാനിക്കും. പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വതന്ത്രമായി വിട്ടിട്ടുണ്ട്. പൊതു പ്രവര്‍ത്തകനെന്നാല്‍ എല്ലാവരുടെയും തെറി കേള്‍ക്കേണ്ടവനാണെന്ന തെറ്റിദ്ധാരണയില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞയത്ര തെറിയൊന്നും താന്‍ പറഞ്ഞിട്ടില്ല. പി.വി. അന്‍വര്‍ പറഞ്ഞു.

Sharing is caring!