പ്രണയാഭ്യര്‍ത്ഥന നിരസിച്ച സംഭവത്തില്‍ യുവജനകമ്മീഷന്‍ കേസെടുത്തു

പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഏലംകുളം എളാട് കൂഴംന്തറയിലെ ചെമ്മാട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം പൊതുസമൂഹത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം പറഞ്ഞു. വ്യാഴാഴ്ച (ജൂണ്‍ 17) രാവിലെ 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തില്‍ ദൃശ്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ സഹോദരി ദേവശ്രീയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ പൊതുവയില്‍ കൊണ്ടപറമ്പ് വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പെരിന്തല്‍മണ്ണയിലുള്ള സി.കെ സ്റ്റോഴ്‌സ് സ്ഥാപനം അഗ്‌നിക്കിരയായിരുന്നു. ഈ സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Sharing is caring!