കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഡെപ്യൂട്ടി ലീഡര്‍ മുനീര്‍ സെക്രട്ടറി കെ.പി.എ മജീദ്

മലപ്പുറം: മുസ്ലിംലീഗ് കേരള നിയമസഭ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറായി പി.കെ കുഞ്ഞാലിക്കുട്ടിയെയും ഡെപ്യൂട്ടി ലീഡറായി ഡോ. എം.കെ മുനീറിനെയും സെക്രട്ടറിയായി കെ.പി.എ മജീദിനെയും തെരഞ്ഞെടുത്തു. പി.കെ ബഷീറാണ് വിപ്പ്. എന്‍.എ നെല്ലിക്കുന്ന് ട്രഷററാണ്. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഉന്നതാധികാര സമതിയുടെയും നിയുക്ത എം.എല്‍.എമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലികുട്ടി വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തുന്നത്. 30596 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിനാണ് വേങ്ങരയില്‍ നിന്നും പി.കെ കുഞ്ഞാലികുട്ടി വിജയിച്ചത്. ഡെപ്യൂട്ടി ലീഡറായി ഡോ. എം.കെ മുനീര്‍ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. യു.ഡി.എഫിനു നഷ്ടപ്പെട്ട കൊടുവള്ളി തിരിച്ചു പിടിച്ച തിളിക്കത്തിലാണ് ഡോ. എം.കെ മുനീര്‍. 14-ാം നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. സെക്രട്ടറി യായി തെരഞ്ഞെടുത്ത കെ.പി.എ മജീദ് തിരൂരങ്ങാടി നിയോജമണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. തിരൂരങ്ങാടിയില്‍ നിന്നും പതിനായിത്തോളം വോട്ടിന്റെ വര്‍ദ്ധിത ഭൂരിപക്ഷത്തിനാണ് കെ.പി.എ മജീദ് വിജയിച്ചത്. മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. വിപ്പ് പി.കെ ബഷീര്‍ ഏറനാട്, ട്രഷറര്‍ എന്‍.എ നെല്ലിക്കുന്ന് കാസര്‍ഗോഡ് നിയോജക മണ്ഡലങ്ങളില്‍ നിന്നും യഥാക്രമം 22546, 12901 വോട്ടുകളുടെ വര്‍ദ്ധിത ഭൂരിപക്ഷത്തിന്റെ കരുത്തിലാണ് നിയമസഭയിലെത്തുന്നത്.

Sharing is caring!