മലപ്പുറം മേലാറ്റൂരില്‍ പത്താംക്ലാസുകാരി തൂങ്ങിമരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് കൂടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്

മലപ്പുറം: മലപ്പുറം മേലാറ്റൂരില്‍ പത്താംക്ലാസുകാരി ആത്മഹത്യചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ടു
കൂടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. മേലാറ്റൂര്‍ ആര്‍എം ഹയര്‍സെകണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അദീത്യയാണ് കഴിഞ്ഞ 15ാം തിയ്യതി വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന അദീത്യ പരീക്ഷക്ക് കോപ്പിയടിച്ചെന്ന് പറഞ്ഞ് പരീക്ഷ ചുമതല നിര്‍വഹിച്ചിരുന്ന ടീച്ചര്‍ ക്ലാസ് മുറിയില്‍ വെച്ച് അപമാനിച്ചതാണ് മരണത്തിന് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഉത്തരവാദി സ്‌കൂളിലെ പരീക്ഷ ചുമതല നിര്‍വഹിച്ചിരുന്ന അദ്ധ്യാപികയാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും വീട്ടുകാരും നാട്ടുകാരും ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 15ാം തിയ്യതിയാണ് അദിത്യ വീട്ടിലെ മുകള്‍ നിലയിലെ മുറിയിലെ ഫാനില്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിച്ചത്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞു വന്നതിന് ശേഷമാണ് ജീവനൊടുക്കിയത്.

സ്‌കൂളില്‍ നിന്ന് എല്ലാ ദിവസവും നടന്ന് വരാളുള്ള അദിത്യ 15ാം തിയ്യതി ഓട്ടോയിലാണ് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ഉടനെ സഹോദരിയോട് ഓട്ടോക്കാരന് പണം നല്‍കാന്‍ പറഞ്ഞ് കരഞ്ഞുകൊണ്ട് മുകളിലെ മുറിയിലേക്ക് പോകുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി ഓട്ടോക്ക് പണം നല്‍കിയതിന് ശേഷം മുകളിലെ മുറിയിലെത്തി അനുജത്തിയുമായി സംസാരിച്ചപ്പോഴാണ് സ്‌കൂളില്‍ നിന്നും ടീച്ചര്‍ കോപ്പിയടിച്ചെന്ന് പറഞ്ഞ് കളിയാക്കുകയും അപമാനിക്കുകയും ചെയ്ത കാര്യം അദീത്യ പറയുന്നത്.

താന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും തൊട്ടടുത്ത് ഉണ്ടായിരുന്ന കുട്ടികളിലാരോ എറിഞ്ഞ പേപ്പര്‍ തന്റെ പക്കല്‍ നിന്നും ടീച്ചര്‍ പിടിച്ചെടുക്കുകയുമായിരുന്നു എന്നും അദിത്യ സഹോദരിയോട് പറഞ്ഞിരുന്നു. പരീക്ഷ ഹാളില്‍ വെച്ച് എല്ലാവരുടെയും മുന്നില്‍ വെച്ച് ടീച്ചര്‍ തന്നെ അപമാനിച്ചെന്നും ആണ്‍കുട്ടികളാണ് ഇങ്ങനെ കോപ്പിയടിക്കുകയെന്നും മൂന്ന് വര്‍ഷത്തേക്ക് പരീക്ഷ എഴുതാന്‍ പറ്റാത്ത തരത്തില്‍ നടപടിയെടുക്കുമെന്നും ടീച്ചര്‍ പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ് അദീത്യ ഇങ്ങനെ പറഞ്ഞതായി സഹോദരി ആതിര ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

കരഞ്ഞുകൊണ്ട് മുകളിലെ മുറിയിലേക്ക് പോയ അദീത്യയോട് സഹോദരി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് താഴേക്ക് പോരുകയും ചെയ്തു. വീണ്ടും മുറിയിലേക്ക് പോയി നോക്കിയപ്പോഴാണ് അദിത്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മകളുടെ മരണത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടും പരീക്ഷാ ഹാളില്‍ വെച്ച് വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ച അദ്ധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷ അദ്ധ്യാപക സംഘടന ഇടപെട്ട് ഈ പരാതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

പരീക്ഷാ ചുമതല വഹിച്ച അദ്ധ്യാപികയുടെ വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. സമീപത്തെ സ്‌കൂളില്‍ നിന്നും പരീക്ഷ ഡ്യൂട്ടിക്ക് വേണ്ടി ആര്‍എംഎച്ച് സ്‌കൂളില്‍ വന്നതാണ് അദ്ധ്യാപിക എന്ന് മാത്രമാണ് വിവരം. മേലാറ്റൂര്‍ പഞ്ചായത്തില്‍ തന്നെയുള്ള വേങ്ങൂര്‍ സ്‌കൂളിലെ അദ്ധ്യാപികയാണെന്നാണ് പ്രാഥമികമായ വിവരം. ഈ അദ്ധ്യാപികയെ സംരക്ഷിക്കുന്ന നിലപാടാണ് സ്‌കൂള്‍ മാനേജ്‌മെന്റും പൊലീസും കെഎസ്എടിഎയും സ്വീകരിക്കുന്നത്.

സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മരണശേഷം വീട്ടില്‍ വന്നിരുന്നെങ്കിലും ഇത്തരത്തില്‍ ഒരു സംഭവം പരീക്ഷ ഹാളില്‍ നടന്നത് താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് പറയുന്നത്. എന്നാല്‍ അന്ന് പരീക്ഷ ഹാളിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ഇത് നിഷേധിക്കുന്നുണ്ട്. പരീക്ഷ ഹാളില്‍ നിന്നും ടീച്ചര്‍ അദിത്യയുടെ പേപ്പര്‍ വാങ്ങുകയും ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തതായി കണ്ടതായി കൂടെ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷ ഹാളില്‍ തന്നെ കരഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്ന അദിത്യയെ സമാധാനിപ്പിക്കാനോ കാര്യം തിരക്കുകയോ ചെയ്യാതെ പേപ്പറുകള്‍ വങ്ങി പോവുകയാണ് ടീച്ചര്‍ ചെയ്തത്. പിന്നീട് സഹപാഠികള്‍ ഇടപെട്ടാണ് അദിത്യയെ ഓട്ടോ വിളിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചത്. ല്‍പം മനുഷ്യത്വപരമായി ടീച്ചര്‍ ഇടപെട്ടിരുന്നെങ്കില്‍ വിദ്യാര്‍ത്ഥിയുടെ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്.

 

തങ്ങളുടെ മകള്‍ ഒരിക്കലും കോപ്പിയടിക്കില്ലെന്നും അതിന്റെ ആവശ്യം അവര്‍ക്കില്ലെന്നും അദീത്യയുടെ രക്ഷിതാക്കള്‍ പറയുന്നു. മുന്‍ പരീക്ഷകളിലെല്ലാം നല്ല നിലയില്‍ മാര്‍ക്ക് വാങ്ങിയ തങ്ങളുടെ മകള്‍ കോപ്പിയടിക്കില്ലെന്നും ഇവര്‍ പറയുന്നു. സ്‌കൂളില്‍ ഇങ്ങനെയൊരു സംഭവം നടക്കുമ്പോള്‍ വീട്ടുകാരെ അറിയിച്ചിരുന്നെങ്കില്‍ രക്ഷിതാക്കളായ ഞങ്ങള്‍ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമായിരുന്നു.

പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷ ഹാളില്‍ കരഞ്ഞുകൊണ്ടിരുന്നത് കണ്ട ടീച്ചര്‍ കാര്യം തിരക്കിയിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നു എന്നും മരണപ്പെട്ട അദിത്യയുടെ അച്ഛന്‍ വിജയന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. വിദ്യാര്‍ത്ഥിയെ കുറിച്ച് സ്‌കൂളിലെ മറ്റു അദ്ധ്യാപകര്‍ക്കും പിടിഎ പ്രസിഡണ്ടിനുമെല്ലാം നല്ല അഭിപ്രായമാണുള്ളത്.

തങ്ങളുടെ സ്‌കൂളില്‍ ഈ വര്‍ഷം മുഴുവന്‍ എ പ്ലസും പ്രതീക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു അദിത്യയെന്ന് പിടിഎ പ്രസിഡണ്ട് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ പരാതിപ്പെട്ടെങ്കിലും നാളിതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയില്‍ അഗംമായ ടീച്ചറെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥിനിയെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തങ്ങളുടെ മകളെ മരണത്തിലേക്ക് തള്ളിവിട്ട അദ്ധ്യാപിക ആരാണെന്ന് തങ്ങള്‍ക്ക് അറിയണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.

 

Sharing is caring!