അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിക്കും കുടുംബത്തിനും നേരെ വധ ഭീഷണിയും കൈയ്യേറ്റ ശ്രമവും നടത്തിയതിന് അഞ്ചു പേര്‍ക്കെതിരെ നിലമ്പൂര്‍ പോലീസ് കേസെടുത്തു

അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിക്കും കുടുംബത്തിനും നേരെ വധ ഭീഷണിയും കൈയ്യേറ്റ ശ്രമവും നടത്തിയതിന് അഞ്ചു പേര്‍ക്കെതിരെ നിലമ്പൂര്‍ പോലീസ് കേസെടുത്തു

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ പരാതിക്കാരിക്കും കുടുംബത്തിനും നേരെ പോലീസ് സ്റ്റേഷന് മുന്നില്‍ വധ ഭീഷണിയും കൈയ്യേറ്റ ശ്രമവും നടത്തിയതിന് അഞ്ചു പേര്‍ക്കെതിരെ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
അഞ്ചിന് ഉച്ചക്ക് ഒന്നരയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്ലം ചന്ദനതോപ്പ് അമൃതഭവനം ജയ മുരുഗേഷ, ഭര്‍ത്താവ് മുരുഗേഷ് നരേന്ദ്രന്‍, മകന്‍ കേശവ് മുരുഗേഷ്്, റീഗള്‍ എസ്റ്റേറ്റ് മാനേജര്‍ അനില്‍പ്രസാദ് എന്നിവര്‍ക്കുനേരെയാണ് വധ ഭീഷണിയും കൈയ്യേറ്റ ശ്രമവുമുണ്ടായത്.
മമ്പാട് എ.കെ സിദ്ദിഖ്, മകന്‍ അനീഷ്, പൂക്കോട്ടുംപാടം വേങ്ങാപ്പരത സ്വദേശി മുസ്തഫ, കണ്ടാലറിയുന്ന മറ്റ് രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ഡിസംബര്‍ 14ന് മമ്പാട് എ.കെ. സിദ്ദിഖിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ക്വാളിസും ജീപ്പും കത്തിച്ചെന്ന കേസില്‍ നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയ മുരുഗേഷിനും കുടുംബത്തിനും എസ്റ്റേറ്റ് മാനേജര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി ജാമ്യമെടുത്ത് മടങ്ങും വഴി പോലീസ് സ്റ്റേഷന് മുന്നില്‍വെച്ച് എ.കെ സിദ്ദിഖ് മകന്‍ അനീഷ് പൂക്കോട്ടുംപാടം വേങ്ങാപ്പരത സ്വദേശി മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റത്തിനു ശ്രമിക്കുകയായിരുന്നു. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടറും പോലീസുകാരുമെത്തിയാണ് ഇവരെ മാറ്റിയത്.
എ.കെ.സിദ്ദിഖിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 32 വര്‍ഷം പഴക്കമുള്ള ജീപ്പും 21 വര്‍ഷം പഴക്കമുള്ള ക്വാളിസുമാണ് കത്തിച്ചത്.

അതേസമയം വീട്ടുമുറ്റത്തുണ്ടായിരുന്ന ടയോട്ട ഫോര്‍ച്യൂണറിനും മാരുതി സ്വിഫ്റ്റ് കാറിനും പോറലുപോലും ഏറ്റിരുന്നില്ല. സംഭവ സമയത്ത് കൊച്ചിയിലായിരുന്ന മുരുഗേഷ് നരേന്ദ്രനെയും കുടുംബത്തെയും എം.എല്‍.എയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പ്രതികളാക്കിയതെന്ന വാദം പരിഗണിച്ചാണ് ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
റീഗള്‍ എസ്റ്റേറ്റില്‍ നിന്നും മരങ്ങള്‍ മോഷ്ടിച്ച് കടത്തികൊണ്ടുപോയ കേസിലും കമുക് മരങ്ങള്‍ വെട്ടിനശിപ്പിച്ച കേസിലും കുഴല്‍കിണറിന്റെ മോട്ടോര്‍ നശിപ്പിച്ച കേസിലും ജയ മുരുഗേഷിനു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതടക്കമുള്ള കേസുകളിലെ പ്രതിയാണ് എ.കെ സിദ്ദിഖ്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് മുസ്തഫക്കെതിരെ സി.ആര്‍.പി.സി 107 പ്രകാരം നടപടിയെടുക്കാന്‍ പൂക്കോട്ടുംപാടം പോലീസ് പോലീസ് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജയ മുരുഗേഷിന്റെ പരാതിയിലാണ് പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് 2016ല്‍ കേസെടുത്തത്.

 

Sharing is caring!