തദ്ദേശ തെരഞ്ഞെടുപ്പ്: ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു പ്രചരണ വാഹനത്തിന് മാത്രം അനുമതി

തദ്ദേശ തെരഞ്ഞെടുപ്പിന് പ്രചരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു പ്രചരണ വാഹനം മാത്രമെ ഉപയോഗിക്കാന്‍ അനുമതിയുള്ളു. ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി മൂന്ന് വാഹനങ്ങളും ജില്ലാ പഞ്ചായത്തില്‍ നാലു വാഹനങ്ങളും ഉപയോഗിക്കാം. മുനിസിപാലിറ്റികളില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി രണ്ട് വാഹനങ്ങളും കോര്‍പറേഷനുകളില്‍ നാല് വാഹനങ്ങള്‍ വരെയും ഉപയോഗിക്കാം. പ്രചരണ വാഹനങ്ങളില്‍ ഉച്ചഭാഷിണിനി ഉപയോഗിക്കുന്നതിന് പൊലീസില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദപരിധിക്കുള്ളിലായിരിക്കണം. രാത്രി ഒന്‍പതിനും രാവിലെ ആറിനും ഇടയ്ക്ക് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചരണം പാടില്ല.

പൊതുജനപരാതി പരിഹാര അദാലത്ത് നടത്തി

ഏറനാട് താലൂക്കില്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന പൊതുജനപരാതി പരിഹാര അദാലത്ത് നടത്തി. ലഭിച്ച 17 അപേക്ഷകളില്‍ 14 പേര്‍ അദാലത്തില്‍ നേരിട്ട് പങ്കെടുത്തു. 10 പരാതികള്‍ പരിഹരിച്ചു. ബാക്കി എല്ലാ അപേക്ഷകളിലും ഒരാഴ്ചക്കകം ആവശ്യമായ നടപടികള്‍ സ്വീകരിച്ച് പരാതികള്‍ തീര്‍പ്പാക്കാന്‍ എല്ലാ ജില്ലാതല ഓഫീസര്‍മാര്‍ക്കും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാതല ഓഫീസര്‍മാര്‍ സൂം ആപ്പ് മുഖേന അദാലത്തില്‍ പങ്കെടുത്തു.

Sharing is caring!