ഖുറാൻ വിഷയത്തിൽ കെ ടി ജലീലിനെ രൂക്ഷമായി വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി

ഖുറാൻ വിഷയത്തിൽ കെ ടി ജലീലിനെ രൂക്ഷമായി വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിം വിശ്വാസികളോടുള്ള അനീതിയാണ് ഖുറാൻ ഒളിച്ചു കടത്തുക വഴി മന്ത്രി കെ ടി ജലീൽ ചെയ്തതെന്ന് മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഒളിച്ചു കടത്തേണ്ടതാണ് വിശുദ്ധ ​ഗ്രദ്ധമായ ഖുറാൻ എന്ന് മന്ത്രി വ്യക്തമാക്കണം. ഇത്തരമൊരു വിവാദം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ഓൺലൈൻ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഉയർത്തുന്ന തിരുത്തലുകളേയും, ചൂണ്ടികാട്ടുന്ന തെറ്റുകളേയും സർക്കാർ ​ഗൗരവമായി കാണണം. കോവിഡ് പശ്ചാത്തലം മുതലെടുത്ത് പ്രതിപക്ഷം സമരമുഖത്തു നിന്ന് മാറി നിൽക്കുന്നത് അവസരമായി കാണരുത്. സർക്കാരിനെതിരെ കോവിഡ് മുൻകരുതലുകൾ കൈക്കൊണ്ട് തന്നെ അതിശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം തയ്യാറെടുക്കുകയാണ്. ബാലറ്റിലൂടെ ഈ സർക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫിന്റെ കാലത്ത് വന്ന നൂറു കണക്കിന് വികസന പദ്ധതികൾ ജനങ്ങൾ കണ്ടതാണ്. എടുത്തു കാട്ടാൻ ഒരു വികസന പദ്ധതി പോലുമില്ലാത്ത സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. ഭരണത്തിലേറി ഇത്ര സമയമായിട്ടും വൻ പദ്ധതികൾ ഒന്നുപോലും പിണറായി സർക്കാരിനില്ല. ഒന്നും ചെയ്യാത്ത സർക്കാർ എന്ന റെക്കോർഡ് ഇട്ട സർക്കാരാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!