താനൂരില്‍ സമ്പൂര്‍ണ്ണ ഗ്രാമീണ റോഡ് നവീകരണം: 14.29 കോടിയുടെ പദ്ധതികള്‍

താനൂരില്‍ സമ്പൂര്‍ണ്ണ  ഗ്രാമീണ റോഡ് നവീകരണം: 14.29 കോടിയുടെ പദ്ധതികള്‍

താനൂര്‍: മണ്ഡലത്തില്‍ വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ഗാമീണ റോഡുകള്‍ സമ്പൂര്‍ണ്ണമായും നവീകരിക്കുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താനൂര്‍ മണ്ഡലത്തിലെ 53 ഗ്രാമീണ റോഡുകളാണ് പൂര്‍ണമായും നവീകരിക്കുന്നത്. എം.എല്‍.എ ഫണ്ടും ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ് അനുവദിച്ച ഫണ്ടുമുപയോഗിച്ച് 22 റോഡുകളും നവീകരിക്കും. 6.12 കോടിയാണ് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ചത്.

റീ ബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായം. 75 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി വിവിധ പദ്ധതികളിലൂടെ 14 കോടി 29 ലക്ഷം രൂപയാണ് വിനിയോഗിക്കുക. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് നവീകരണ ഫണ്ടില്‍ നിന്നും ആദ്യ ഘട്ടത്തില്‍ 3.83 കോടി രൂപ അനുവദിച്ചതിന് പുറമെ 2.29 കോടി രൂപ കൂടി സര്‍ക്കാര്‍ ലഭ്യമാക്കിയതായി വി.അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. ഇതോടെ ഇതുവരെ 6.12 കോടി രൂപയാണ് റോഡ് വികസനത്തിന് മാത്രമായി താനൂരിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്.

2018 -19 വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലുള്ള റോഡുകളുടെ നവീകരണത്തിനാണ് സര്‍ക്കാര്‍ സഹായം. താനാളൂരില്‍ 11, താനൂര്‍ നഗരസഭയില്‍ 12, ചെറിയമുണ്ടത്ത് 10, ഒഴൂരില്‍ 10, പൊന്മുണ്ടത്ത് ഒന്‍പത്, നിറമരുതൂരില്‍ 24 റോഡുകളാണ് വിവിധ പദ്ധതികളിലുള്‍പ്പെടുത്തി നവീകരിച്ച് സുഗമമായ ഗതാഗതത്തിന് സജ്ജമാക്കുക. ഇതില്‍ ചില റോഡുകള്‍ ഇതിനകം തന്നെ നവീകരിച്ചിട്ടുണ്ട്. മറ്റു റോഡുകളുടെ നവീകരണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ എത്രയും വേഗം തുടങ്ങും. താനൂര്‍ മണ്ഡത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകള്‍ പൂര്‍ണമായും നവീകരിക്കുന്നതിന് പുറമെയാണ് ഗ്രാമീണ റോഡുകളും എം.എല്‍.എ യുടെ ഇടപെടലിലൂടെ മികച്ചതാക്കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി എം.എല്‍.എ ഫണ്ടും ഹാര്‍ബര്‍ എഞ്ചിനീയറിങ് ഫണ്ടും ഉപയാഗിച്ച് എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും റോഡു നവീകരണം നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ഈ ഇനത്തില്‍ കൂടുതല്‍ തുക വകയിരുത്തുകയാണുണ്ടായത്. മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നനുവദിച്ച റോഡുകളുടെ നിര്‍മാണച്ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്ക് തന്നെയാണ്. പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു.

Sharing is caring!