മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്ക് മമ്മുട്ടി 20 സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി

നിലമ്പൂര്‍: പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന ‘ഡിജി ഡ്രീംസ്’-സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിക്ക് അകമ്പാടത്ത് തുടക്കമായി.
ചാലിയാര്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം അകമ്പാടം പാലച്ചുവടില്‍ ഓണ്‍ലൈന്‍ വഴി സിനിമാതാരം മമ്മുട്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.കോളജ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന് സ്മാര്‍ട്ട് ഫോണുകളും, ഇന്റര്‍നെറ്റും ഒരുക്കി കൊടുക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണെന്നും, പദ്ധതി ഏറെ അഭിനന്ദനാര്‍ഹമാണെന്നും മമ്മുട്ടി പറഞ്ഞു.
പദ്ധതിയിലൂടെ നിര്‍ധനരായ 20 വിദ്യാര്‍ഥികള്‍ക്ക് മമ്മുട്ടിയുടെ വകയായുള സ്മാര്‍ട്ട് ഫോണുകള്‍ ചടങ്ങില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പി.വി അബ്ദുല്‍ വഹാബ് എം.പി സമ്മാനിച്ചു. പി.കെ. ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി.
ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാന്‍, വാര്‍ഡംഗം പത്മജ പ്രകാശ്, പഞ്ചായത്തംഗം പൂക്കോടന്‍ നൗഷാദ്, അമല്‍ കോളജ് മാനേജര്‍ പി.വി.അലി മുബാറക്ക്, പി.എം.ഉസ്മാനലി, ജെ.എസ്.എസ് ഡയറക്ടര്‍ ഉമ്മര്‍കോയ, അമല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം അബ്ദുല്‍ സാക്കിര്‍ എന്നിവര്‍ സംസാരിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അമല്‍ കോളജിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട് ഫോണും, ഇന്റര്‍നെറ്റ് സൗകര്യവുമാണ് ഒരുക്കുന്നത്. ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിങ്, അരോഗ്യ, സാംസ്‌കാരിക, ബോധവല്‍കരണ പരിപാടികള്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കും. കൂടാതെ മാതാപിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. ലൈഫ് സ്‌കില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ അറിയിപ്പുകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അറിയിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി നിലവില്‍ വിവിധ സംഘടനകള്‍ സ്‌കൂള്‍ തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫോണും ടി.വിയും സമ്മാനിക്കുന്നുണ്ടെങ്കിലും കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ഇവ ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സ്വപ്നമെന്ന പേരില്‍ ഡിജി ഡ്രീംസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. അര്‍ഹരായവരെ കണ്ടെത്തിയാണ് സ്മാര്‍ട്ട് ഫോണുകളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *