അഞ്ചാം സീസണ്‍ ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്സി ഒരുക്കം തുടങ്ങി

മലപ്പുറം: ഗോകുലം കേരളാ എഫ്.സി.സി പുതിയ പരിശീലകന്റെ നേതൃത്വത്തില്‍ വീണ്ടും തെയ്യാറെടുപ്പ് തുടങ്ങി. അഞ്ചാം സീസണ്‍ ലക്ഷ്യമിട്ടാണ് ഗോകുലം കേരള എഫ്സി ഒരുക്കം തുടങ്ങിയത്.
പുതിയ പരിശീലകന്റെ കീഴിലായിരിക്കും തയ്യാറെടുപ്പ്. ടീം വിട്ട സ്പാനിഷ് പരിശീലകന്‍ വരേലക്ക് പകരക്കാരന്‍ ഈ മാസമുണ്ടാകും.
ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തിന് പുറമെ, മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും കളിക്കാനാണ് ആലോചന. യൂത്ത് ഐ ലീഗും പ്രീമിയര്‍ ലീഗും മഞ്ചേരിയില്‍ നടത്തിയേക്കും. ഐ ലീഗിന് മുന്നോടിയായി ഗോകുലം സീനിയര്‍ ടീം മഞ്ചേരിയില്‍ പ്രദര്‍ശനമത്സരം കളിച്ചേക്കും. ഗോകുലം എഫ്സി ടീം മഞ്ചേരിയിലേക്ക് വരുന്നതും കാത്തിരിക്കുകയാണ് മലപ്പുറത്തെ ഫുട്ബോള്‍ ആരാധകര്‍.
ഐ ലീഗില്‍ മികച്ച പ്രകടനം നടത്തിയ ടീം 22 വര്‍ഷത്തിന് ശേഷം ഡ്യൂറാന്‍ഡ് കപ്പ് കിരീടം ഉയര്‍ത്തിയതോടെയാണ് ആരാധക ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്.ഗ്രൗണ്ട് ലഭ്യമാകാന്‍ ഗോകുലം ടീം മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെ സമീപിച്ചിട്ടുണ്ട്. ഗ്രൗണ്ട് വാടക അടക്കമുള്ളവയില്‍ ധാരണയായ ശേഷമാകും അന്തിമ തീരുമാനം. ധാരണയിലെത്തിയാല്‍ മൂന്ന് വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിടും.
ഗ്രൗണ്ട് ലഭ്യമായാല്‍ ഐ ലീഗിലെ രണ്ടോ മൂന്നോ മത്സരം മഞ്ചേരിയില്‍ നടത്താനും ആലോചനയുണ്ട്. മത്സരം മഞ്ചേരി സ്റ്റേഡിയത്തില്‍ നടക്കണമെങ്കില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ (എഎഫ്എഫ്) അനുമതി വേണം. ഗ്രൗണ്ടിന്റെ ഗുണനിലവാരവും മറ്റു സൗകര്യങ്ങളും പരിശോധിച്ച ശേഷമാകുമിത്. മഞ്ചേരിയില്‍ മത്സരങ്ങള്‍ നടന്നാല്‍ കൂടുതല്‍ കാണികള്‍ എത്താനുള്ള സാധ്യതയും ഗോകുലം മാനേജ്മെന്റ് പരിഗണിക്കുന്നു.
പുതിയ താരങ്ങള്‍?
ഗോകുലം അടുത്ത ഐ ലീഗ് സീസണിലേക്കുള്ള ആലോചനകള്‍ നടത്തുന്നുണ്ടെങ്കിലും പുതിയ എത്ര താരങ്ങളെ എടുക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോവിഡ് സാഹചര്യത്തില്‍ പുതിയ വിദേശതാരങ്ങള്‍ ടീമിനൊപ്പം ചേരുക പ്രയാസകരമാകും. ട്രിനിഡാഡ് താരങ്ങളായ മാര്‍ക്കസ് ജോസഫും ആന്‍ഡ്രയും തുടര്‍ന്നേക്കും. റിസര്‍വ് ടീമിലുള്ള കൂടുതല്‍ താരങ്ങള്‍ക്ക് പുതിയ സീസണില്‍ അവസരം ലഭിച്ചേക്കും.

Sharing is caring!