മലപ്പുറത്തും കൊവിഡ് 19 സ്ഥിരീകരിച്ചു, മലപ്പുറത്ത് ആദ്യമായി രണ്ടുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് രണ്ടുപേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് പുറമെ ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുള്ളത് 21 പേരാണ്. വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 11 പേരെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ തല പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 13 പേര് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു പേര് തിരൂര്‍ ജില്ലാ ആശുപത്രിയിലും അഞ്ചുപേര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. യു.എ.ഇയില്‍ നിന്നെത്തിയ എട്ടു പേര്, സൗദി അറേബ്യയില്‍ നിന്നുള്ള ആറുപേര്‍, യു.കെ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോ യാത്രക്കാര്‍ ഇവരുമായി നേരിട്ടു സമ്പര്‍ക്കത്തിലേര്‍പ്പെട്ട അഞ്ചുപേര്‍ എന്നിവരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
ജില്ലയിലിപ്പോള്‍ 1,017 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 996 പേര് വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. 734 പേര്‍ക്കുകൂടി ഇന്നലെ മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ നിന്നയച്ച 216 സാമ്പിളുകളില്‍ വിദഗ്ധ പരിശോധനാ ഫലം ലഭിച്ച 180 പേര്‍ക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയുഷ് വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തി ഊര്‍ജ്ജിതമാക്കിയതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്കും പൊതു ജനങ്ങള്‍ക്കും ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കും. സര്‍ക്കാര്‍ ഡിസ്പെന്‍സറികളുമായി പ്രതിരോധ മരുന്നുകള്‍ക്കായി ബന്ധപ്പെടാം.
ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ. സക്കീന, ഡോ. കെ. സുശീല (ആയുര്‍വേദം), ഡോ. ചെറിയാന് ഉമ്മന്‍ (ഹോമിയോ), ആയുഷ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.എം. കബീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
RECENT NEWS

ഹണിട്രാപ്പിൽ യുവതിയടക്കം മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു
പെരിന്തൽമണ്ണ: അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ യുവതിയടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37 ), ആലിപ്പറമ്പ് [...]