പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി മഞ്ചേരിയില്‍ കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍
മഞ്ചേരി: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യനാട് ചോലക്കല്‍ അത്താണിക്കല്‍ കല്ലിടുമ്പില്‍ പരേതനായ പള്ളിക്കണ്ടി മൂസയുടെ മകന് സൈതലവി (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി പയ്യനാട് പുളിക്കല്‍ ജംഷീദ് (35) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ പ്രതിയാണ് സൈതലവി. 2016ലാണ് പീഡനക്കേസ് നടന്നത്. ഈ കേസില്‍ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലായ പ്രതി ജാമ്യത്തിലിറങ്ങിയതായിരുന്നു. കേസില്‍ അടുത്തമാസം നാലിന് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാകാനിരിക്കെയാണ് സൈതലവി കൊല്ലപ്പെട്ടത്. പീഡിതയായ ബാലികയുടെ ബന്ധുവാണ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ പകല്‍ പതിനൊന്നര മണിയോടെ അത്താണിക്കലിലെ കമുകിന് തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി സി ഐ സി അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സംഭവ സ്ഥലത്തു നിന്ന് കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെടുത്തു. ഫോറന്‍സിക് സയന്റിഫിക് ഓഫീസര്‍ ഡോ. ത്വയ്ബയും സംഘവം സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തു നിന്നും വിരലടയാള വിദഗ്ദരും എത്തിയിരുന്നു. സംഭവത്തില്‍ മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈതലവിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇത്തിക്കുട്ടിയാണ് കൊല്ലപ്പെട്ട സൈതലവിയുടെ മാതാവ്. ഭാര്യ: സീനത്ത്. മക്കള്‍: ശമീന, ശമീര്‍, സിനിയ, ശബീര്‍, ശഹീര്‍. മരുമകന്: ശിഹാബ് മലപ്പുറം. സഹോദരങ്ങള്‍: ഫാത്തിമ, ആബിദ, നൂര്ജഹാന്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]