മഞ്ചേരിയുടെ മര്‍വാന്‍ ഇനി കേരള ബ്ലാസേ്റ്റഴ്‌സിലേക്ക്

മഞ്ചേരി: കേരള ബ്ലാസേ്റ്റഴ്‌സിന്റെ അണ്ടര്‍ 15 ഐലീഗ് ടീമിലേക്ക് മഞ്ചേരി സ്വദേശി മര്‍വാന് ക്ഷണം. കൊച്ചിയില്‍ നടന്ന അവസാനഘട്ട സെലക്ഷനില്‍ കാഴ്ച വെച്ച മികച്ച പ്രകടനമാണ് ബ്ലാസേ്റ്റഴ്‌സിലേക്കുള്ള അവസരം ഒരുക്കിയത്. കഠിന പരിശ്രമം തന്നെയാണ് ഈ നേട്ടം കൈവരിക്കാന്‍ മഞ്ചേരിയിലെ ക്ലബ് ഓഫ് ജൂനിയര്‍ ഫുട്‌ബോള്‍ അക്കാദമിയുടെ താരമായ മര്‍വാനെ പ്രാപ്തനാക്കിയത്. സ്‌കൂള്‍ അധ്യാപകനും ഫുട്‌ബോള്‍ പരിശീലകനുമായ അഹ്‌സന്‍ ജവാദാണ് മാര്‍വാനിലെ ഫുട്‌ബോള്‍ പ്രതിഭയെ കണ്ടെത്തിയത്. അക്കാദമിയില്‍ സ്‌കോളര്‍ഷിപ്പുമായി പരിശീലനത്തിന് അവസരം ലഭിച്ചതോടെ താരം ശ്രദ്ധ നേടുകയായിരുന്നു. അഞ്ചാം തരം മുതല്‍ സ്‌കൂള്‍ ടീമിന്റെ പ്രതിരോധനിരയില്‍ സ്ഥാനം പിടിച്ച മര്‍വാന് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ബൈച്ചുങ് ബൂട്ടിയ എഫ് സിയുടെ ഫൈനല്‍ സെലക്ഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ സാമ്പത്തികം തടസ്സമായി നിന്നപ്പോഴാണ് പഞ്ചാബിലെ റൗണ്ട് ഗ്ലാസ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നും ഏഴു ദിവസത്തെ സെലക്ഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ അനുവദിച്ച സാമ്പത്തിക സഹായത്തോടെ സെലക്ഷനില്‍ പങ്കെടുത്തുവെങ്കിലും ഭാഗ്യം തുണച്ചില്ല. മറ്റൊരു അവസരത്തിനായി രാവിലെയും വൈകുന്നേരവും കഠിന പ്രയത്‌നം ചെയ്ത മര്‍വ്വാന് കൂട്ടായിരുന്ന അബ്ദുറഹീമിനും ബ്ലാസേ്റ്റഴ്‌സിന്റെ ഫൈനല്‍ സെലക്ഷന് കൊച്ചിയിലേക്കു ക്ഷണം ലഭിച്ചിരുന്നു. സാമ്പത്തികപ്രയാസമേറെയുണ്ടെങ്കിലും ഏറെ പ്രോത്സാഹനം നല്‍കി പിതാവ് മുജീബ് റഹ്മാനും മാതാവ് ഹസീനയും മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായ മര്‍വ്വാനു കൂടെയുണ്ട്.

Sharing is caring!