തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് മുസ്ലിംലീഗിന് വേണ്ടെന്ന് ഹൈദരലി തങ്ങള്‍

തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് മുസ്ലിംലീഗിന് വേണ്ടെന്ന് ഹൈദരലി തങ്ങള്‍

പൊന്നാനി: എസ്.ഡി.പി.ഐ മുസ്ലിം ലീഗ് നേതാക്കളുടെ ചര്‍ച്ചയെക്കുറിച്ചുള്ള വിവാദം കെട്ടടങ്ങും മുമ്പേ നയം വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പൊന്നാനി മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിക്കവേ തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് മുസ്ലിം ലീഗിന് വേണ്ടെന്ന് ഹൈദരലി തങ്ങള്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഉദ്ഘാടനം നിര്‍വഹിക്കവേയാണ് തങ്ങള്‍ തീവ്രവാദസംഘടനകളുടെ വോട്ട് ലീഗിന് വേണ്ടെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഡോ. എം.കെ മുനീര്‍ എം.എല്‍.എയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എസ്.ഡി.പി.ഐയുടെ സഹായം സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് മുസ്ലിം ലീഗ് പിരിച്ചുവിടുന്നതാണ് എന്നായിരുന്നു മുനീറിന്റെ പ്രഖ്യാപനം. ഇതിനെതിരേ എസ്.ഡി.പി.ഐയും രംഗത്തെത്തിയിട്ടുണ്ട്. എങ്കില്‍ മുസ്ലിം ലീഗ് എന്നേ പിരിച്ചുവിടേണ്ടതായിരുന്നു എന്നായിരുന്നു എസ്.ഡി.പി.ഐയുടെ മറുപടി.

എന്തായാലും സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ നയം വ്യക്തമാക്കിയതോടെ വലിയ പ്രതീക്ഷയിലായിരിക്കുകയാണ് മലപ്പുറത്തെ യു.ഡി.എഫ് ക്യാംപ്. പ്രത്യേകിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരും.

പൊന്നാനിയില്‍ കോണ്‍ഗ്രസുകാരെ കബളിപ്പിക്കാനെത്തിയ എല്‍.ഡി.എഫ് സ്വതന്ത്രസ്ഥാനാര്‍ഥിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആഞ്ഞടിച്ചു. കോണ്‍ഗ്രസ് പാരമ്പര്യം പറഞ്ഞാണ് പൊന്നാനിയില്‍ ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസുകാരെ കബളിപ്പിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണ്. അത് വിലപ്പോകില്ലെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ പി.വി അന്‍വറിനെ എന്തു വില കൊടുത്തും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് തന്നെ മുന്നില്‍ നില്‍ക്കുമെന്നും യോഗത്തില്‍ വി.ടി ബല്‍റാം, സി.പി ജോണ്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ നേതാക്കളും പ്രഖ്യാപിച്ചു.

Sharing is caring!