ജിന്ന് ചികിത്സക്കിടെ കരുളായിയില്‍ യുവാവ് മരണപ്പെട്ടെന്ന്

ജിന്ന് ചികിത്സക്കിടെ കരുളായിയില്‍  യുവാവ് മരണപ്പെട്ടെന്ന്

മഞ്ചേരി: നിലമ്പൂര്‍ കരുളായിയിലെ പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ് അലി(38)യുടെ മരണം ജിന്ന് ചികിത്സക്കിടെയാണെന്ന പരാതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ എന്‍ എം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മഞ്ചേരിയിലെ ചെരണി റഹ്മത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് ജിന്ന് ചികിത്സ നടത്തിയതെന്നാണ് മരണപ്പെട്ട യുവാവിന്റെ മൊഴിയിലുള്ളത്. മഞ്ചേരിയില്‍ വെച്ച് ചിലരുടെ നേതൃത്വത്തില്‍ ജിന്ന് ചികിത്സയുടെ മറവില്‍ ശാരീരിക പീഡനങ്ങളുടം സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നു എന്നാണ് യുവാവിവിന്റെ മൊഴി.
മഞ്ചേരി പട്ടര്‍കുളത്തെ ചക്ക്ണി ഫാറൂഖിന്റെ നേതൃത്വത്തില്‍ ഏതാനും വര്‍ഷങ്ങളായി ജിന്ന് ചികിത്സ നടന്നു വരുന്നുതായി പരാതിയുണ്ട്. ഫിറോസ്, ഫാസില്‍ എന്നിവരാണ് ഇയാളുടെ സഹായികള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍, ഫ്ളാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഈ സംഘം ചികിത്സ നടത്തി വരുന്നുണ്ട്. ഇവര്‍ ജിന്നുകളുമായി നേരിട്ട് സംസാരിക്കുകയും, അത് വഴി രോഗങ്ങള്‍ ഭേദമാക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് പ്രചാരണം. രോഗങ്ങള്‍ ബാധിക്കുന്നത് ജിന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത് കൊണ്ടാണെന്ന് ഇവര്‍ തെറ്റിധരിപ്പിക്കുന്നു. മന്ത്രങ്ങള്‍ ഉരുവിട്ടും, അടിച്ചും, മര്‍ദ്ദിച്ചും ജിന്നിനെ ഇറക്കി വിട്ട് രോഗം സുഖപ്പെടുത്തുമെന്നാണ് ഇവരുടെ വാഗ്ദാനം. ഇതിനായി വന്‍തുക ഈടാക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്. റുഖിയ്യ ശറഇയ്യ എന്നാണ് ഈ ചികിത്സാ രീതിയുടെ പേര്.
പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി കാളമ്പാറയിലെ ദാറുസ്സലാം വീട്ടില്‍ കൊച്ചങ്ങോടന്‍ ഹിഫ്സുറഹ്മാന്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതായി പരാതിയുണ്ട്. വീട് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന ഹിഫ്സുറഹ്മാന്‍ ഇപ്പോള്‍ വണ്ടുര്‍ പള്ളിക്കുന്നിലെ ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് ചികിത്സ നടത്തുന്നത് എന്നറിയുന്നു. ദുരൂഹത നിലനില്‍ക്കുന്ന ചില തീവ്ര മതപ്രഭാഷകര്‍ ഇവരുടെ പ്രചാരകരായില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മാനസിക ശാരീരിക രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ശരിയായ ചികിത്സ നിഷേധിക്കുകയും, ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന വ്യക്തികള്‍ക്കും കേന്ദ്രങ്ങള്‍ക്കുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണം. മതത്തിന്റെയും, ആത്മീയതയുടെയും പേരില്‍ നടക്കുന്ന വ്യാജചികിത്സക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തയ്യാറാകണം.

ശരിയായ ചികിത്സ കിട്ടാതെ മരണപ്പെട്ട വ്യക്തിയുടെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വോയ്സ് മെസേജുകളുടെ ഉറവിടം കണ്ടെത്തുകയും ആരോപണങ്ങള്‍ ശരിയെങ്കില്‍ കുറ്റക്കാരുടെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും വേണം. നിലവില്‍ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.

യുവാവിന്റെ മരണത്തോടെ കുടുംബം മാനസികാമായി തകര്‍ന്ന നിലയിലാണ്. അന്ധവിശ്വാസ ചൂഷകരുടെ കെണിയില്‍ പെട്ട കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് കൗണ്‍സലിംങ് സൗകര്യം ഏര്‍പ്പെടുത്തണം. കേസന്വേഷണം തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിഷ്‌കൃത സമൂഹങ്ങള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനകീയകൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടതുണ്ട്.

പത്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍
1. കെ അലി പത്തനാപുരം (പ്രസിഡന്റ്, കെ എന്‍ എം മര്‍ക്കസുദ്ദഅവ, മലപ്പുറം ഈസ്റ്റ് ജില്ല)
2. എം അഹമ്മദ്കുട്ടി മദനി (സെക്രട്ടറി, കെ എന്‍ എം മര്‍ക്കസുദ്ദഅവ)
3. എ നൂറുദ്ദീന്‍ എടവണ്ണ
4. ജൗഹര്‍ അയനിക്കോട്
5. ടി റിയാസ് മോന്‍

Sharing is caring!