ചട്ടം മറികടന്ന് മന്ത്രി ജലീല്‍ ബന്ധുവിനെ സര്‍ക്കാര്‍ തസ്തികയില്‍ നിയമിച്ചുവെന്ന്, ജലീല്‍ രാജിവെക്കണമെന്ന് യൂത്ത്‌ലീഗ്

മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ന്യൂനപക്ഷക്ഷേമ വകുപ്പിലെ ഉന്നത തസ്‌കികയില്‍ നിയമിച്ചുവെന്നാരോപണം. ഇതു തെളിയിക്കുന്ന രേഖകള്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ പുറത്തുവിട്ടു. സ്വകാര്യ ബാങ്കില്‍ മാനേജരായ മന്ത്രിയുടെ പിതൃസഹോദരന്റെ പുത്രന്‍ കെ.ടി അദീബിനെയാണ് കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചത്.

സാധാരണ സര്‍ക്കാര്‍ സര്‍വിസിലുള്ളവരെ ഡെപ്യൂട്ടേഷനിലാണ് ഈ തസ്തികയില്‍ നിയമിക്കുക. ഗവണ്‍മെന്റ് സര്‍വിസില്‍പോലുമില്ലാത്ത ഒരാളെ ഇങ്ങനെ നിയമിക്കുന്നത് ആദ്യമാണ്. തസ്തികക്കുവേണ്ട യാഗ്യതയില്ലാത്തയാള്‍ക്കുവേണ്ടി ഇയാളുടെ യോഗ്യതക്കനുസരിച്ച് മന്ത്രിയുടെ നിര്‍ദേശപ്രകാരം വിജ്ഞാപനം മാറ്റിയിറക്കുകയാണ് ചെയ്തതെന്നും വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടി യൂത്ത്ലീഗ് നേതാക്കള്‍ ആരോപിച്ചു.

പുതിയ വിജ്ഞാപനമനുസരിച്ച് അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തി. എന്നാല്‍ ഈ ഇന്റര്‍വൂവിലും നിയമനം നേടിയ വ്യക്തി പങ്കെടുത്തിരുന്നില്ല. മന്ത്രി ഇ.പി ജയരാജന്റെ ബന്ധു നിയമനം വിവാദമായ സാഹചര്യത്തിലായിരുന്നു അദീബ് പങ്കെടുക്കാതിരുന്നത്. 18.8.2016ന് ഇറങ്ങിയ പൊതുഭരണ വകുപ്പിലെ ഉത്തരവ് പ്രകാരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയോ ഇന്റര്‍വ്യൂ നടത്തുകയോ ചെയ്യാതെ മന്ത്രി ബന്ധുവിന് നേരിട്ട് നിയമനം നല്‍കുകയാണ് ചെയ്തതെന്നും പി.കെ ഫിറോസ് പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് തസ്തികയിലേക്കുവേണ്ട വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവുവരുത്തി ഇദ്ദേഹത്തെ നിയമിച്ചതെന്നും ആരോപണമുണ്ട്.

സ്വജനപക്ഷപാതം വഴിയും അനധികൃതമായും നിയമനം നേടിയ മന്ത്രി ബന്ധുവിനെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കണം. ചട്ടം ലംഘിച്ച് ബന്ധുവിന് നിയമനം നല്‍കിയതിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനാല്‍ നിയമപരമായും ധാര്‍മികമായും അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപെട്ട മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും ആവശ്യപ്പെട്ടു.

Sharing is caring!