ഏത് ഫ്രണ്ടായാലും ഖുര്‍ആനും ഹദീസും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്ന് കാന്തപുരം

ഏത് ഫ്രണ്ടായാലും ഖുര്‍ആനും ഹദീസും  ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രചോദനം നല്‍കിയിട്ടില്ലെന്ന്  കാന്തപുരം

മലപ്പുറം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ എപി സുന്നി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ഏത് ഫ്രണ്ടായാലും ഖുര്‍ആനും ഹദീസും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു. നേരത്തെ മുസ്ലിം ലീഗ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐക്കെതിരെ രംഗത്തുവന്നിരുന്നു. എസ്ഡിപിഐയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പിസി ജോര്‍ജ് എംഎല്‍എയും അവരെ തള്ളിയിരിക്കെയാണ് കാന്തപുരവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കാന്തപുരം പറഞ്ഞത് ഇങ്ങനെ….

ഭീകരത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍

ഇസ്ലാമിന് വേണ്ടി ഒരു പൊതു തത്വത്തില്‍ അല്ലാതെ ഒരു പ്രത്യേക തത്വത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു. ഇസ്ലാമിന്റെ പേരില്‍ ഭീകരത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. എന്തൊക്കെ പേരിട്ടിട്ടായാലും ഇതിനെല്ലാം പിന്നില്‍ സലഫിസമാണെന്നും കാന്തപുരം കുറ്റപ്പെടുത്തി.

ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നുഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. എന്തൊക്കെ പേരിട്ടാലും ഇതിനെല്ലാം പിന്നില്‍ സലഫിസമാണ്. ഇസ്ലാമിന്റെ പേരില്‍ തെരുവിലിറങ്ങാന്‍ എസ്ഡിപിഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. സംഘടനയെ നിരോധിക്കണമോ എന്ന ചോദ്യത്തിനും കാന്തപുരം പ്രതികരിച്ചു.

പറയാന്‍ തങ്ങള്‍ ആളുകളല്ല

ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആളുകളല്ല. ചിലര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. ഖുര്‍ആന്‍ പ്രചരിപ്പിച്ചത് മതസൗഹാര്‍ദമാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാമ്പയില്‍ സംഘടിപ്പിക്കുമെന്നും കാന്തപുരം അറിയിച്ചു.

മുസ്ലിം ലീഗ് പ്രതികരിച്ചത്

നേരത്തെ എസ്ഡിപിഐയ്ക്കെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയുരുന്നു. എസ്ഡിപിഐയെ നിരോധിക്കണമെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം പിന്നീട് തിരുത്തി. നിരോധിക്കണമെന്ന് പറയേണ്ടത് ഇവിടെയുള്ള അന്വേഷണ ഏജന്‍സികളാണെന്നു ഇടി പറഞ്ഞു.

സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നു

എസ്ഡിപിഐയെ വേണ്ടിവന്നാല്‍ നിരോധിക്കണം. അക്കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സികളാണ്. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുകയാണ്. ഇസ്ലാമിന്റെ പേരില്‍ കലാപമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയ സഖ്യമുണ്ടാക്കരുത്

ഇത്തരം സംഘങ്ങളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നത് അപകടകരമാണെനന്നും ഇടി കൂട്ടിച്ചേര്‍ത്തു. അഭിമന്യു വധക്കേസില്‍ അറസ്റ്റിലായവരില്‍ കാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിരിക്കെയാണ് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചിരുന്നത്. കേസിലെ പ്രധാന പ്രതിയെ പിടികൂടിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ പ്രതികരണം.

ഇത്തരക്കാരാണെന്ന് അറിഞ്ഞില്ല

കഴിഞ്ഞ ദിവസം എസ്ഡിപിഐക്കെതിരെ പിസി ജോര്‍ജ് എംഎല്‍എയും രംഗത്തുവന്നിരുന്നു. എസ്ഡിപിഐ ഇത്ര വര്‍ഗീയ വാദികളാണെന്ന് അറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ്ഡിപിഐയുമായി ഇനി യാതൊരു ബന്ധവുമില്ല. എസ്ഡിപിഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. ഞാനും സഹായിച്ചിട്ടുണ്ട്. ഇനി അവരുമായി ബന്ധമില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

പ്രധാന പ്രതി അറസ്റ്റില്‍

എസ്എഫ്ഐയും കാംപസ് ഫ്രണ്ടും തമ്മിലുള്ള പ്രശ്നമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായവരെല്ലാം എസ്പിഡിഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട പ്രവര്‍ത്തകരാണ്. പ്രധാന പ്രതി മുഹമ്മദ് എന്ന വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍.

Sharing is caring!