എടപ്പാള്‍ തീയേറ്റര്‍ പീഡനം; ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍

എടപ്പാള്‍ തീയേറ്റര്‍ പീഡനം; ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍

മലപ്പുറം: എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബി അറസ്റ്റില്‍. തിയറ്റര്‍ പീഡനക്കേസില്‍ നടപടിയെടുത്തില്ലെന്നതാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. നേരത്തെ പോക്‌സോ ചുമത്തി കേസെടുത്തിരുന്നെങ്കിലും അറസ്റ്റു ചെയ്തിരുന്നില്ല.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന പോക്‌സോ നിയമത്തിലെ 21, 19, ഐപിസി 196 എ വകുപ്പുകളാണ് എസ്‌ഐ ബേബിക്കെതിരെ ചുമത്തിയിരുന്നത്. എടപ്പാള്‍ തിയറ്റര്‍ ഉടമ സതീശിനെതിരെ കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്.>

ഏപ്രില്‍ 18നാണ് തിയറ്ററിനകത്ത് പത്തുവയസ്സുകാരി പീഡനത്തിനിരയായത്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്ലൈനിനു കൈമാറി. 26നു തന്നെ കേസെടുക്കാനുള്ള ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്ലൈന്‍ പൊലീസിനു കൈമാറിയെങ്കിലും സംഭവം വിവാദമായതിനു ശേഷമാണ് പൊലീസ് കേസെടുത്തത്. പീഡനത്തിനെതിരെ വിഡിയോ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്.

കേസുമായി ബന്ധപ്പെട്ടു പാലിക്കേണ്ട ചട്ടങ്ങളും മാര്‍ഗരേഖയും കാറ്റില്‍പ്പറത്തിയായിരുന്നു പൊലീസിന്റെ നീക്കം. തെളിവു സഹിതം പരാതി നല്‍കിയിട്ടും കേസെടുത്തില്ല. പ്രതിയെ കണ്ടെത്താന്‍ യാതൊന്നും ചെയ്തില്ല. സ്ത്രീയെയും കുട്ടിയെയും അന്വേഷിച്ചു കണ്ടെത്താനും തയാറായില്ല. ബാലപീഡനങ്ങള്‍ പരാതിയായി ലഭിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖകളും അവഗണിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.

Sharing is caring!