സോഷ്യല്‍ മീഡിയയുടെ തിന്മകളില്നിന്ന് വിട്ടുനില്‍ക്കുക: ഹൈദരലി തങ്ങള്‍
മലപ്പുറം: ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ജനങ്ങളെ സ്വാധീനിക്കുന്ന സോഷ്യല്‍ മീഡിയയെ തിന്മയുടെയും വിദ്വേഷത്തിന്റെയും പ്രചരണത്തിന് ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അനാവശ്യ ഷെയറുകളും ലൈക്കുകളും ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
വിദ്വേഷം വളര്‍ത്തുന്നതും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതും സംഘര്ഷമുണ്ടാക്കുന്നതായ ഒന്നും ഷെയര്‍ ചെയ്യരുത്. മറ്റുള്ളവരെ പരിഹസിക്കാനോ ഇകഴ്ത്താനോ മറ്റുള്ളവര്‍ക്ക് എതിരായോ നമ്മള് ചെയ്യുന്ന ഓരോ ഷെയറും നമ്മെ തന്നെ തിരിഞ്ഞുകുത്തുമെന്ന് ഓര്‍ക്കണം. ഷെയറുകളും ലൈക്കുകളും നന്മയിലൂന്നിയായിരിക്കണം. അപ്പോള്‍ അതൊരു സല്കര്മമാവുമെന്നതില് സംശയമില്ലെന്നും തങ്ങള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
മനുഷ്യന്റെ സൗഹൃദങ്ങളെ നിലനിറുത്തുവാനും പുതുക്കുവാനുമൊക്കെയാണ് സോഷ്യല്‍ മീഡിയ രൂപം കൊണ്ടത്. ഏതിനും ഒരു ദോഷമുണ്ടെന്നതു പോലെ ഇതിലും നല്ലതും, ചീത്തയുമായ വശങ്ങളുണ്ട്. എല്ലായിടങ്ങളിലും പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലും ഇടപെടലുകളെല്ലാം നന്മയിലൂന്നിയായിരിക്കാന് നാം ഓരോരുത്തരും ശ്രദ്ധിക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ധാര്‍മികമായും നിയമപരമായും പാടില്ലാത്തതാണ്.
വിപ്ലവങ്ങളും കലാപങ്ങളും സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയുമെന്ന് നാം തിരിച്ചറിഞ്ഞതാണ്. ഹിന്ദുവും മുസ്്ലിംമും കൃസ്ത്യാനിയുമെല്ലാം സന്തോഷത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന നാടാണിത്. വിവിധ മതങ്ങളുടെയും ഭാഷയുടെയും ആചാരങ്ങളുടെയും ഭാഗമാണ് എല്ലാവരും. ഇവിടെ തീപ്പൊരി ചിതറിയിടാന് ചിലര്‍ ശ്രമിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ കാണുന്ന പല ചര്‍ച്ചകളും പോസ്റ്റുകളും. മറ്റുള്ളവര്‍ വിദ്വേഷം വളര്‍ത്താനും കലാപം വളര്‍ത്താനും ചട്ടുകമാക്കുന്നില്ലെന്ന് രണ്ടു വട്ടം ആലോചിക്കണം.
ആരുടെയും വാക്കും പ്രവൃത്തിയും അന്യന്റെ അയല്ക്കാരന്റെ സഹോദര മതാക്കാരന്റെ വിശ്വാസത്തെയും ആചാരത്തെയും കുറ്റപ്പെടുത്തുന്നതാകരുത്. മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെക്കുറിച്ച് നിങ്ങള്‍ അസഭ്യം പറയരുതെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. ഓരോ പോസ്റ്റിനും കമന്റിനും ലൈക്കിനും മുമ്പ് പ്രവാചകന് നബിയുടെ, നന്മ പറയുക അല്ലെങ്കില്‍ മൗനം പാലിക്കുക എന്ന വചനം ഓര്‍ക്കണമെന്നും ഹൈദരലി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
(ഹൈദരലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം)
സമൂഹത്തിന്റെ ജീവിതരീതിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഘടകം ഏതാണെന്നു ചോദിച്ചാല്‍ അത് സോഷ്യല്‍ മീഡിയ തന്നെയാണ്. സോഷ്യല്‍ മീഡിയ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു.? മനുഷ്യന്റെ സൗഹൃദങ്ങളെ നിലനിറുത്തുവാനും, പുതുക്കുവാനും ഒക്കെയാണ് സോഷ്യല്‍ മീഡിയ രൂപം കൊണ്ടത്. ഏതിനും ഒരുദോഷമുണ്ടെന്നതു പോലെ ഇതിലും നല്ലതും, ചീത്തയുമായ വശങ്ങളുണ്ട്. വിപ്ലവങ്ങള്‍ സൃഷ്ടിക്കാനും, കലാപം സൃഷ്ടിക്കാനും സോഷ്യല്‍ മീഡിയയ്ക്ക് കഴിയുമെന്ന് നാം തിരിച്ചറിഞ്ഞതാണ്. അതാണ് ഇന്ന് ഇങ്ങനെ ഒരു വിഷയം നിങ്ങളോട് പങ്ക് വെക്കണമെന്ന് കരുതിയതും.
എല്ലായിടങ്ങളിലും സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ചും നമ്മുടെ ഇടപെടലുകളെല്ലാം നന്മയിലൂന്നിയായിരിക്കാന് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മളുടെ ഷയറുകളും ലൈക്കുകളും നന്മയിലൂന്നിയായിരിക്കണം. അപ്പോള്‍ അതൊരു സല്കര്മമാവുമെന്നതില് സംശയമില്ല. എന്നാല്‍ മറ്റുള്ളവരെ പരിഹസിക്കാനോ ഇകഴ്ത്താനോ മറ്റുള്ളവര്‍ക്ക് എതിരായോ നമ്മള് ചെയ്യുന്ന ഓരോ ഷെയറും നമ്മെ തന്നെ തിരിഞ്ഞുകുത്തുമെന്ന് നാം ഓര്‍ക്കുക. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ധാര്‍മികമായും നിയമപരമായും പാടില്ലാത്തതാണെന്ന് നാം ഏവരും മനസിലാക്കണം.
ഹിന്ദുവും, മുസ്ലിമും, കൃസ്ത്യാനിയുമെല്ലാം സന്തോഷത്തോടെയും, സഹകരണത്തോടെയും ജീവിക്കുന്ന നാടാണ് നമ്മളുടേത്. എന്നാല്‍ അവിടെ തീപ്പൊരി ചിതറിയിടാന് ചിലര്‍ ശ്രമിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ കാണുന്ന ചില ചര്‍ച്ചകളും, പോസ്റ്റുകളും.പല മതങ്ങളുടെയും ഭാഷയുടെയും ആചാരങ്ങളുടെയും ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ആരുടെയും വാക്കും പ്രവൃത്തിയും അന്യന്റെ, അയല്ക്കാരന്റെ, സഹോദര മതാക്കാരന്റെ വിശ്വാസത്തെയും ആചാരത്തെയും കുറ്റപ്പെടുത്തുന്നതാകരുത്. മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെക്കുറിച്ച് നിങ്ങള്‍ അസഭ്യം പറയരുതെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്.
ആവശ്യമില്ലാത്തതും, വിശ്വസനീയമല്ലാത്തതുമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുത് . അതോടൊപ്പം വിദ്വേഷം വളര്‍ത്തുന്നതും, മതസൗഹാര്‍ദവും തകര്‍ക്കുന്നതും, സംഘര്‍ഷമുണ്ടാക്കുന്നതുമായ കാര്യങ്ങളും ഷെയര്‍ ചെയ്യരുത്. മറ്റുള്ളവര്‍ വിദ്വേഷം വളര്‍ത്താനും, കലാപം സൃഷ്ടിക്കാനും നിങ്ങളെ ചട്ടുകമാക്കാതിരിക്കട്ടെ.ഓരോ പോസ്റ്റിനും കമന്റിനും ലൈക്കിനും മുമ്പ് തിരുനബിയുടെ ഈ വചനം ഓര്‍ക്കുക: ‘നന്മ പറയുക അല്ലെങ്കില്‍ മൗനം പാലിക്കുക.’
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]