കമ്മ്യൂണിസം തകര്‍ന്നാല്‍ നഷ്ടം മുസ്‌ലിംകള്‍ക്ക് : മന്ത്രി കെടി ജലീല്‍

കമ്മ്യൂണിസം തകര്‍ന്നാല്‍ നഷ്ടം മുസ്‌ലിംകള്‍ക്ക് : മന്ത്രി കെടി ജലീല്‍

മലപ്പുറം:കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ തകര്‍ച്ച ആഗ്രഹിക്കുന്ന ഇസ്‌ലാമത വിശ്വാസികള്‍ക്കുള്ള മുന്നറിയിപ്പാണ് മലപ്പുറത്തെ സിപിഐ സമ്മേളനമെന്ന് മന്ത്രി കെടി ജലീല്‍. സിപിഐ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ന്യൂനപക്ഷം – പ്രശ്നങ്ങളും നിലപാടുകളും ‘ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോവിയറ്റ് യൂനിയനും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും തകര്‍ന്നപ്പോള്‍ അതിന്റെ മുഴുവന്‍ ദുരന്തങ്ങളും ഏറ്റു വാങ്ങിയത് മുസ്‌ലിം രാജ്യങ്ങളും ഇസ്‌ലാം മത വിശ്വാസികളുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തകര്‍ച്ച കേരളത്തിലും ഇന്ത്യയിലും സംഭവിച്ചാല്‍ ലോക മുസ്‌ലിംകള്‍ അനുഭവിച്ച അതേ വേദന ഇന്ത്യയിലെയും കേരളത്തിലെയും മുസ്‌ലിംകള്‍ അനുഭവിക്കേണ്ടി വരും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. അദ്ദേഹം പറഞ്ഞു.

സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോള്‍ പടക്കം പൊട്ടിച്ചവരുണ്ട് നമ്മുടെ നാട്ടില്‍. കിഴക്കന്‍ യൂറോപ്യന്‍ നാട്ടില്‍ സോഷ്യലിസ്റ്റ് ഭരണ സംവിധാനങ്ങള്‍ അപ്രത്യക്ഷമായപ്പോള്‍ അതിര് കടന്ന് ആഹ്ലാദിച്ചവരുണ്ട് നമ്മുടെ നാട്ടില്‍. സെമിനാറുകള്‍ നടത്തിയവര്‍, ഇതാ കമ്മ്യൂണിസം തകര്‍ന്നിരിക്കുന്നു എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവര്‍. എന്ത് സംഭവിച്ചു, ലോകത്തുള്ള മുസ്‌ലിംകളെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കപ്പെട്ട ഒരു പുതിയ ലോകക്രമം രൂപപ്പെട്ട് വന്നു എന്നല്ലാതെ കമ്മ്യൂണസത്തിന്റെ തകര്‍ച്ച കൊണ്ട് എന്ത് നേട്ടമുണ്ടായി.

ആരെക്കാളുമധികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലനില്‍ക്കണമെന്നത് മുസ്‌ലിം സമൂഹത്തിന്റെ ആവശ്യമാണ്. ഈ നാട്ടിലെ മതന്യൂനപക്ഷങ്ങളുടെ ആവശ്യമാണ്. സോഷ്യല്‍ മീഡിയയില്‍ കമ്മ്യൂണസത്തിന്റെ തകര്‍ച്ച് വേണ്ടി മുസ്‌ലിം സമുദായത്തിലെ ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനങ്ങള്‍ നമുക്ക് പലപ്പോഴും വായിക്കാന്‍ സാധിച്ചിട്ടുണ്ട്. അവര്‍ക്ക് ചരിത്രം അറിയാത്തത് കൊണ്ടാണ്. ഇന്നലകളെ കുറിച്ച് പഠിച്ചാല്‍ അവര്‍ക്ക് ആ നിലപാട് എടുക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!