ലഗേജുകള്‍ നഷ്ടപ്പെട്ടത് കരിപ്പൂരില്‍നിന്നല്ല, ദുബായില്‍നിന്ന്

ലഗേജുകള്‍ നഷ്ടപ്പെട്ടത്  കരിപ്പൂരില്‍നിന്നല്ല,  ദുബായില്‍നിന്ന്

മലപ്പുറം:കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനജേര്‍ ആനന്ദ് ശുഭറാം, സ്റ്റേഷന്‍ മാനേജര്‍ റസ അലി ഖാന്‍ എന്നിവരുമായി പികെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തി. ലഗേജ് നഷ്ടപെട്ടതായി വാര്‍ത്ത വന്നയുടന്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായി കുഞ്ഞാലിക്കുട്ടി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ എംപിയുമായി ചര്‍ച്ച നടത്തിയത്. എയര്‍പോര്‍ട്ട് ഉപദേശക സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ് പികെ കുഞ്ഞാലിക്കുട്ടി.

ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നുമെത്തിയ യാത്രക്കാരുടെ ലഗേജാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 24 അന്താരാഷ്ട്ര സര്‍വീസുകല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നടത്തുന്നുണ്ട്. ഇതില്‍ ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നെത്തുന്ന ഒരു വിമാനത്തിലെ യാത്രക്കാരുടെ ലഗേജ് മാത്രമാണ് നഷ്ടപെടുന്നതായി പരാതി ലഭിച്ചിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും നഷ്ടപെടാനാണ് സാധ്യതയെന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇത്തരം മോഷണങ്ങള്‍ സംഭവിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ദുബായ് പോലീസിന് പരാതി നല്‍കാന്‍ അധികൃതരോട് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിഷയം വ്യോമയാന മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!