തിരൂരില്‍ ബസ് പണിമുടക്ക് തുടരാന്‍ തീരുമാനം

തിരൂരില്‍ ബസ്  പണിമുടക്ക്  തുടരാന്‍ തീരുമാനം

തിരൂര്‍: ട്രാഫിക് പോലിസുകാരനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഫിറോസിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരൂര്‍ താലൂക്കിലെ ബസ്സ് പണിമുടക്ക് തുടരാന്‍ തീരുമാനിച്ചു.ഇന്നും തിരൂര്‍ താലൂക്കില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തില്ല ഫിറോസിനെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ആരോപണം. സമരം തുടരുന്ന പക്ഷം തിങ്കളാഴ്ച മുതല്‍ ജില്ലയിലൊട്ടാകെ ബസ്സുകള്‍ പണിമുടക്കുമെന്നും സൂചനയുണ്ട്.

വാതില്‍ തുറന്നിട്ട് അപകടകരമായ വിധത്തില്‍ ബസ് സര്‍വ്വീസ് നടത്തുന്നതിനെതിരെ പ്രതികരിച്ച ട്രാഫിക് പോലീസുകാരനെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്ന ബസ് ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് തിരൂരില്‍ ബസ് തൊഴിലാളികളും ഉടമസ്ഥരും സംയുക്തമായി ഇന്നലെ പണിമുടക്ക് നടത്തിയത്. ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്റേും ബസ് ഓണേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്കിയത്.

തിരൂര്‍ മുനിസിപ്പല്‍ സ്റ്റാന്റില്‍ നടന്ന സംഭവത്തെതുടര്‍ന്ന് മിനിഞ്ഞാന്ന് രാത്രിയോടെ മിന്നല്‍ പണിമുടക്കു നടത്തിയ ബസ് ജീവനക്കാര്‍ ഇന്നലെ സംയുക്ത യൂണിയന്‍ തീരുമാനപ്രകാരം തിരൂര്‍ താലൂക്കില്‍ പൂര്‍ണ്ണമായും ഇന്നലെ ബസ്സ് ഗതാഗതം സ്തംഭിപ്പിക്കുകയായിരുന്നു. കുറ്റിപ്പുറത്തു നിന്നും തിരൂരിലെക്ക് വന്ന ഒരു സ്വകാര്യ ബസ്സിനു നേരെ ബി.പി.അങ്ങാടിയില്‍ വച്ചു കല്ലേറുണ്ടായി.കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ സര്‍വ്വീസ് നടത്തിയെങ്കിലും കുറ്റിപ്പുറം പുറത്തൂര്‍, കൂട്ടായി വളാഞ്ചേരി ,ചെമ്മാട്ട് ഭാഗങ്ങളിലേക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടി. കസ്റ്റഡിയിലെടുത്ത ജീവനക്കാരന്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ മോചിതനായില്ലെങ്കില്‍ സമരം തുടരുമെന്ന നിലപാട് ജനങ്ങളെ സംഭ്രമിപ്പിച്ചു.ഇന്ന് നടക്കുന്ന പി.എസ്.സി.പരീക്ഷയില്‍ പങ്കെടുക്കാന്‍ പറ്റുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. ഇന്നലെ നടന്നത് മിന്നല്‍ പണിമുടക്കായതിനാല്‍ ട്രെയിനിറങ്ങി വന്നവര്‍ യഥാസ്ഥലങ്ങളില്‍ എത്താനാവാതെ ബുദ്ധിമുട്ടി. സി.ഐ.ടി.യു, ബി.എം.എസ്, എസ്.ടി.യു, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.

സ്വകാര്യ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തിയെങ്കിലും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലും കോളേജുകളിലും എത്തിച്ചേരാനായില്ല. പണിമുടക്കിയവര്‍ നഗരത്തില്‍ പ്രകടനം നടത്തി. ജാഫര്‍, മൂസ്സ പരന്നേക്കാട്, ദിനേശന്‍ കുറുപ്പത്ത്, അഡ്വ.നസീര്‍ അഹമ്മത് പി.കെ.മൂസ്സ,
ഷറഫുദ്ദീന്‍, ഹരീഷ് ,പി.ഹംസക്കുട്ടി, സി.കെ.റസാഖ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!