വിഘടിത പണ്ഡിതര്‍ നിലപാട് വ്യക്തമാക്കണമെന്ന് സമസ്ത

വിഘടിത പണ്ഡിതര്‍ നിലപാട്  വ്യക്തമാക്കണമെന്ന് സമസ്ത

തിരൂരങ്ങാടി: തിരൂരങ്ങാടി ഖാസി ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമിയെ ഒഴിവാക്കി ഇബ്രാഹിം ഖലീല്‍ ബുഖാരിയെ ഖാസിയാക്കനുള്ള നീക്കം കാന്തപുരം വിഭാഗത്തിന്റെ പ്രഖ്യാപിത ആദര്‍ശനിലപാടിനു വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ മറു വിഭാഗം പണ്ഡിതര്‍ പൊതുജന സമക്ഷം വിശദീകരണം നല്‍കണമെന്നും തിരൂരങ്ങാടി മണ്ഡലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികള്‍.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പല മഹല്ലുകളിലും തിരൂരങ്ങാടി ഖാസിയെ ഒഴിവാക്കി സമസ്തയുടെ പണ്ഡിതന്മാരെ ഖാസിമാരാക്കി നിശ്ചയിച്ചിരുന്നു. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം നിലവിലെ ഖാസിമാരെ ഒഴിവാക്കാന്‍ മഹല്ല് കമ്മിറ്റിക്ക് അധികാരമില്ലെന്നും അത് ആദര്‍ശവിരുദ്ധമാണെന്നുമായിരുന്നു കാന്തപരും വിഭാഗത്തിന്റെ നിലാപാട്. ഇക്കാര്യം പലയിടങ്ങളിലും വേദി കെട്ടി സംസാരിക്കുകയും അതിനായി വാദപ്രതിവാദങ്ങള്‍ വരെ കാന്തപുരം വിഭാഗം നടത്തുകയും ചെയ്തിരുന്നു.

സമസ്ത പണ്ഡിതര്‍ക്കെതിരെ ശക്തമായ പ്രചരണങ്ങള്‍ വരെ വിഘടതര്‍ അന്നു നടത്തുകയുണ്ടായി. എന്നാല്‍, സംഘടനയുടെ അടിസ്ഥാന നിലപാടിനെ തെല്ലും വിലകൊടുക്കാതെയാണ് പുതിയ ഖാസി നിയമന നീക്കം. മഖ്ദൂമിയെ അംഗീകരിക്കാത്ത വിഭാഗമാണ് ഖലീലുല്‍ ബുഖാരിയെ പുതിയ ഖാസിയാക്കി നിയമിക്കാന്‍ തീരുമാനിച്ചത്. പുതിയ നീക്കത്തിലൂടെ ആദര്‍ശ നിലപാടുകള്‍ ഇല്ലാത്ത പാര്‍ട്ടിയായി കാന്തപുരം വിഭാഗം അധഃപതിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പൊതു ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും മണ്ഡലം സമസ്ത ഭാരവാഹികളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, അഹ് മദ് കുട്ടി ബാഖവി പാലത്തിങ്ങല്‍, എ.ടി.എം കുട്ടി മൗലവി ഉള്ളണം, മുഹമ്മദ് ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ ഖാസിമി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് എന്നിവര്‍ കുറ്റപ്പെടുത്തി.

Sharing is caring!