മമ്പുറം തങ്ങളുടെ ഓര്‍മകളുമായി കൊടിഞ്ഞി ജുമുഅത്ത് പള്ളി

മമ്പുറം തങ്ങളുടെ ഓര്‍മകളുമായി കൊടിഞ്ഞി ജുമുഅത്ത് പള്ളി

കൊടിഞ്ഞി: പുനര്‍നിര്‍മാണത്തിലിരിക്കുന്ന കൊടിഞ്ഞി പള്ളിക്കും പറയാനുണ്ട് ഖുത്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ മരിക്കാത്ത ഓര്‍മകള്‍. ഒരു വര്‍ഷം മുമ്പ് വരെ പഴമയുടെ ഗരിമയോടെ തലയുയര്‍ത്തി നിന്നിരുന്ന കൊടിഞ്ഞി ജുമുഅത്ത് പള്ളി സ്ഥാപിച്ചത് മമ്പുറം തങ്ങളാണെന്ന് ചരിത്രം പറയുന്നു. മതസൗഹാര്‍ദ്ദത്തിന്റെ പാവനമായ ചരിത്രമാണ് ഈ പള്ളിയുടെ നിര്‍മാണത്തിന് പിന്നിലുള്ളത്.

മമ്പുറം തങ്ങളെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മലബാറിലെ അധസ്ഥിത വിഭാഗക്കാരാണ് കൊടിഞ്ഞി പള്ളി നിര്‍മിക്കുന്നത്. മമ്പുറം തങ്ങള്‍ നേരിട്ടാണ് പള്ളി നിര്‍മാണത്തിന് കാര്‍മികത്വം വഹിച്ചത്. നിര്‍മാണ സമയങ്ങളില്‍ തങ്ങള്‍ താമസിച്ചിരുന്ന വീട്ടിലെ മുറിയും ഉപയോഗിച്ചിരുന്ന വസ്തുക്കളും ഇന്നും സൂക്ഷിച്ചിരിപ്പുണ്ട്. ആശാരി, മൂശാരി, മണ്ണാന്‍, തട്ടാന്‍ തുടങ്ങിയ ഉപജാതികളില്‍ പെട്ട വിദഗ്ദരാണ് പള്ളി നിര്‍മിച്ചുനല്‍കിയത്. നിര്‍മാണത്തില്‍ പങ്കെടുത്തവര്‍ക്ക് മമ്പുറം തങ്ങള്‍ പ്രത്യേക ഉപഹാരങ്ങള്‍ നല്‍കുകയും പള്ളിക്ക് നല്‍കപ്പെട്ട ഇടങ്ങളില്‍ തന്നെ താമസിക്കാന്‍ സമ്മതം നല്‍കുകയും ചെയ്തു. ഇന്നും മമ്പുറം തങ്ങള്‍ നല്‍കിയ ഭൂമിയിലാണ് അവരുടെ പിന്മുറക്കാരുടെ താമസം.

മമ്പുറം തങ്ങളുടെ പള്ളി നിര്‍മാണത്തെ അനുസ്മരിച്ച് വര്‍ഷം തോറും നടന്നുവരാറുള്ള നേര്‍ച്ചയിലെ പ്രധാന വിഭവമായ അപ്പങ്ങളിലൊരു പങ്ക് അവര്‍ക്ക് അവകാശപ്പെട്ടതാണ്. നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് ചോദിച്ചുവാങ്ങാവുന്നതാണെന്ന് നാട്ടുകാരണവര്‍ പറയുന്നു. കളവ് പിടിക്കപ്പെട്ടാലും വഞ്ചന നടത്തിയാലും കൊടിഞ്ഞി പള്ളിയില്‍ വന്ന് സത്യം ചെയ്യുന്ന ആചാരമുണ്ട്. ഹൈന്ദവരടക്കം നിരവധി പേര്‍ ഈ വിശ്വാസത്തെ ഇന്നും മുറുകെ പിടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മമ്പുറം തങ്ങള്‍ നിര്‍മ്മിച്ച പള്ളിയില്‍ നുണ പറയാനാവില്ല എന്ന വിശ്വാസമാണത്രെ ഈ ആചാരത്തിന് പിന്നില്‍.

നിര്‍മ്മാണത്തിന് ശേഷം രണ്ട് നൂറ്റാണ്ട് പിന്നിട്ട പള്ളി ഇന്ന് പുനര്‍നിര്‍മ്മാണത്തിലാണ്. ജന ബാഹുല്യവും പഴയ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് തങ്ങളുടെ പള്ളി പൊളിച്ച് പണിയാന്‍ കൊടിഞ്ഞിക്കാരെ നിര്‍ബന്ധിതരാക്കിയത്. പഴയ പള്ളിയുടെ സ്ഥാനത്ത് പുതിയ രീതിയിലുള്ള പള്ളി ഉയരുന്നതോടെ ചരിത്രത്തിന്റെ വലിയൊരു ഭാഗമാണ് വിസ്മൃതിയിലേക്ക് മറയുന്നത്.

Sharing is caring!