അന്‍വര്‍ എം.എല്‍.എ കാര്‍ അക്രമിച്ച 25കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

അന്‍വര്‍ എം.എല്‍.എ കാര്‍ അക്രമിച്ച 25കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിന്റെ കാറിന് നേരെ അക്രമം നടത്തിയ 25ഓളം കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരെ മലപ്പുറം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എം.എല്‍.എയുടെ വണ്ടിയില്‍ അതിക്രമം കാണിച്ചതിനും അനുവാദമില്ലാതെ മുദ്രാവാക്യം വിളിച്ചതിനുമാണു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നു പോലീസ് വ്യക്തമാക്കി.
കക്കാടംപൊയില്‍ പാര്‍ക്ക് വിവാദവുമായി ബന്ധപ്പെട്ട് ഇന്നലെ മലപ്പുറം പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം നടത്താന്‍ എത്തിയപ്പോഴാണ് എം.എല്‍.എയുടെ കാര്‍ ആക്രമിക്കപ്പെട്ടത്. എം.എല്‍.എ പത്രസമ്മേളനം നടത്തുന്നതിനിടെ മലപ്പുറം പ്രസ്‌ക്ലബ്ബിന് പുറത്ത് നിര്‍ത്തിയിട്ട കാറിന് മേല്‍ കല്ലുകൊണ്ട് അടിക്കുകയും എം.എല്‍.എക്കെതിരെ സ്റ്റിക്കര്‍ പതിക്കുകയും ചെയ്തു. അതോടൊപ്പം കരിങ്കൊടിയും കാറില്‍കെട്ടി. തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനിടെ എം.എല്‍.എയുടെ കാറിന്റെ ഡ്രൈവറെ കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ രക്ഷപ്പെടുകയായിരുന്നു.
അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. എം.എല്‍.എയുടെ കാറിന് നേരെ നടന്ന കയ്യേറ്റത്തെ ന്യായീകരിക്കാനാകില്ലെന്ന് മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദും ബിനാമികളും ചേര്‍ന്ന് തനിക്കെതിരെ ദുഷ്പ്രചരണവും വ്യക്തിഹത്യയും നടത്തുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്നലെ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയില്‍ കക്കാടംപൊയിലില്‍ താന്‍ നിര്‍മിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിനെതിരെ നിയമസഭയില്‍ പരാമര്‍ശമുണ്ടായത് ആര്യാടന്‍ മുഹമ്മദ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും രാഷ്ര്ടീയ പ്രേരിതവുമാണ്. പരാതിക്കാരനായ കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രന്‍ എന്ന വ്യക്തിക്കും കുടുംബത്തിനും തന്നോടുള്ള വ്യക്തിവിരോധവും അവരെ പിന്തുണക്കുന്ന ചില രാഷ്ര്ടീയ ഇടപെടലുകളുമാണ് ഇപ്പോഴുണ്ടായ വിവാദത്തിന് പിന്നില്‍. മുരുകേഷ് നരേന്ദ്രനും അര്‍ധസഹോദരന്‍ മുരുകേഷ് പ്രഭാകരനും തമ്മില്‍ പാട്ടക്കരിമ്പ് എന്ന സ്ഥലത്തുള്ള സ്വത്ത് സംബന്ധിച്ചുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ താന്‍ ഇടപെട്ടതോടെയാണ് പ്രശ്്‌നങ്ങള്‍ തുടങ്ങിയതെന്ന് അന്‍വര്‍ പറഞ്ഞു. പ്രഭാകരന് അവകാശപ്പെട്ട സ്വത്ത് വിട്ടു നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ നരേന്ദ്രന്‍ അതിന് വിസമ്മതിക്കുകയും തനിക്ക് അമ്പത് ലക്ഷം രൂപ നല്‍കാമെന്ന് വാഗ്്ദാനം നല്‍കുകയും ചെയ്തു. നീതിക്ക് വിരുദ്ധമായ നിലപാടെടുക്കാന്‍ താന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് തന്റെ സ്വത്തിനെ കുറിച്ചും ബിസിനെസിനെ കുറിച്ചും വിവരാവകാശ നിയമപ്രകാരം വിവരങ്ങളെടുത്ത് വ്യാജപരാതികള്‍ നല്‍കുകയാണിയാള്‍ ചെയ്തത്. ഇതിന് ആര്യാടന്‍ മുഹമ്മദ് ഒത്താശ ചെയ്യുകയാണെന്നും അന്‍വര്‍ ആരോപിച്ചു. കക്കാടംപൊയിലിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ നിയമലംഘനമില്ലെന്ന് അന്‍വര്‍ പറഞ്ഞു.

പാര്‍ക്ക് നിര്‍മ്മിക്കുന്നത് പരിസ്ഥിതി ലോല പ്രദേശത്തല്ല. പഞ്ചായത്തിന്റെയും വില്ലേജ് അധികൃതരുടെയും അനുമതിയോടെയാണ് നിര്‍മാണം ആരംഭിച്ചത്. പാര്‍ക്കിന് സമീപം തടാകം നിര്‍മിക്കുന്നതിനും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. ലൈസന്‍സ് എടുക്കാതെ നേരത്തെ നടത്തിയ ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പിന്നീട് പിഴയടച്ച് ക്രമപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിന്റെ നിര്‍മാണത്തില്‍ എന്തെങ്കിലും നിയമലംഘനം നടത്തിയതായി അധികൃതര്‍ കണ്ടെത്തിയാല്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ തയ്യാറാണ്. പാര്‍ക്കുമായി ബന്ധപ്പെട്ട നിലവിലുള്ള പരാതികളെ കോടതിയില്‍ നേരിടുമെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എ.ആയ ശേഷം താന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാനാണ് പുതിയ വിവാദങ്ങളുയര്‍ത്തി ആര്യാടനും ബിനാമികളും ശ്രമിക്കുന്നതെന്നും പി.വി.അന്‍വര്‍ എം.എല്‍.എ കുറ്റപ്പെടുത്തി.

അതേ സമയം കക്കാടംപൊയിലില്‍ നിയമം ലംഘിച്ച് അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങാനുള്ള പി.വി.അന്‍വര്‍ എം.എല്‍.എയുടെ നീക്കത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദും ഇന്നലെ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അത് ഏത് ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്താമെന്നത് സര്‍ക്കാറിന് തീരുമാനിക്കാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്‍വര്‍ പാര്‍ക്ക് തുടങ്ങുന്നതില്‍ എതിര്‍പ്പില്ല. ആര്‍ക്കും എന്തും ബിസിനസും തുടങ്ങാം. എന്നാല്‍ അത് നിയമപ്രകാരമാണെന്ന് ഉറപ്പുവരുത്തണം. കക്കാടംപൊയിലിലെ പാര്‍ക്കിന് അന്‍വര്‍ അനുമതി വാങ്ങിയത് എം.എല്‍.എ ആകുന്നതിന് മുമ്പാണോ ശേഷമാണോ എന്ന് പരിശോധിക്കണം.

എം.എല്‍.എ ആയതിന് ശേഷമാണെങ്കില്‍ അത് സത്യപ്രതിജ്ഞാ ലംഘനമാണ്. അന്‍വറിനെതിരെ പരാതി നല്‍കിയ മുരുകേഷ് നരേന്ദ്രന്‍ എന്നയാളുമായി തനിക്ക് ബന്ധമുണ്ടെന്ന പി.വി.അന്‍വറിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. മുരുകേഷിന്റെ കുടുംബവുമായി വര്‍ഷങ്ങളോളം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടത്തിയയാളാണ് താന്‍. ആ കുടുംബത്തിന്റെ ഉടമയിലുള്ള റബ്ബര്‍ എസ്‌റ്റേറ്റിലെ ഐ.എന്‍.ടി.യു.സിക്കാരായ ആറ് തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. തന്റെ കേസില്‍ എതിര്‍കക്ഷിയായ ഒരാള്‍ തന്റെ ബിനാമിയാണെന്ന് എങ്ങിനെയാണ് വിശ്വസിക്കാനാകുകയെന്നും അദ്ദേഹം ചോദിച്ചു. നിലമ്പൂര്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമമാണ് വിവാദത്തിന് പിന്നിലെന്ന ആരോപണം അടിസ്ഥാന വിരുദ്ധമാണ്. താന്‍ മന്ത്രിയും എം.എല്‍.എ.യുമായിരുന്ന കാലത്ത് നടത്തിയ വികസനം മാത്രമാണ് ഇപ്പോഴും നിലമ്പൂരിലുള്ളതെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

Sharing is caring!