ഗോവധ നിരോധനത്തിന് സ്‌റ്റേ നേടിതന്നത് മലപ്പുറം സ്വദേശി

ഗോവധ നിരോധനത്തിന് സ്‌റ്റേ നേടിതന്നത് മലപ്പുറം സ്വദേശി

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഗോവധ നിരോധനത്തിന് സുപ്രീം കോടതിയില്‍ നിന്ന് സറ്റേ വാങ്ങാന്‍ മുന്നില്‍ നിന്ന അഭിഭാഷകരില്‍ പ്രമുഖന്‍ മലപ്പുറം സ്വദേശി. എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റും, സംസ്ഥാന ഭാരവാഹിയും ആയിരുന്ന കുറ്റിപ്പുറം സ്വദേശി അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രനാണ് കിസാന്‍ സഭയ്ക്കായി സുപ്രീം കോടതിയില്‍ ഹാജരായി സ്‌റ്റേ ഉത്തരവ് നേടിയെടുത്തത്. കാലിചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കുന്നത് നിയന്ത്രിക്കുന്ന മെയ് 29ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമാണ് സുപ്രീം കോടതി ഇന്ന് മൂന്ന് മാസത്തേക്ക് സ്‌റ്റേ ചെയ്തത്.

2003 മുതല്‍ 2007 വരെ എസ് എഫ് ഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു അഡ്വ സുഭാഷ് ചന്ദ്രന്‍. 2006 മുതല്‍ സംസ്ഥാന ഭാരവാഹി ആയും പ്രവര്‍ത്തിച്ചു. 2009ല്‍ കൈരളി ചാനലിന്റെ ഡല്‍ഹിയിലെ ലീഗല്‍ റിപ്പോര്‍ട്ടറായി. 2013മുതല്‍ വക്കീലായി സുപ്രീം കോടതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

എസ് എഫ് ഐയില്‍ നിന്നും പഠിച്ച സാമൂഹ്യ ഇടപെടലുകള്‍ വക്കീലായ ശേഷവും തുടരുകയായിരുന്നെന്ന് സുഭാഷ് ചന്ദ്രന്‍ മലപ്പുറം ലൈഫിനോട് പറഞ്ഞു. 2016ല്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്ന തല്ലിക്കൊല്ലലുകള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചായിരുന്നു നിയമത്തിന്റെ സാധ്യതകള്‍ മനസിലാക്കിയുള്ള പോരാട്ടം ആരംഭിച്ചത്. ഈ ഇടപെടലിന്റെ ഫലമായി ഗോസംരക്ഷണവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ശക്തമായ നടപടി കൈക്കൊള്ളാന്‍ മനുഷ്യാവകാശ കമ്മിഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

എന്‍ഡോസള്‍ഫാന്‍ വിഷയത്തിലടക്കം നിയമപരമായ ഇടപെടലുകള്‍ അഡ്വ സുഭാഷ് ചന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായി. കിസാന്‍സഭ അധികൃതര്‍ ബന്ധപ്പെട്ടതനുസരിച്ചാണ് കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി കന്നുകാലി വില്‍പന നിയന്ത്രണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഹാജരായത്. സുഭാഷ് ചന്ദ്രന്‍ ഉന്നയിച്ച കണക്കുകളും, വസ്തുതകളും സുപ്രീം കോടതിക്ക് ബോധ്യമായി. ഇതേ തുടര്‍ന്നാണ് കന്നുകാലി വില്‍പന നിയന്ത്രണം സ്റ്റേ ചെയ്തുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതിയും ആവര്‍ത്തിച്ചത്.

കന്നുകാലി വില്‍പന നിയന്ത്രണത്തിനെതിരെ പോരാടാന്‍ വ്യക്തിപരമായും താല്‍പര്യങ്ങളുണ്ടായിരുന്നെന്ന് അഡ്വ സുഭാഷ് ചന്ദ്രന്‍ മലപ്പുറം ലൈഫിനോട് പറഞ്ഞു. ഇതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ കണ്ടില്ലെന്ന് നടിച്ച ഇരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ ഡല്‍ഹി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും, ഡി വൈ എഫ് ഐയുടെ ലീഗല്‍ സെല്‍ നേതാവുമാണ് സുഭാഷ് ചന്ദ്രന്‍.

Sharing is caring!