ഭാഷാശാസ്ത്ര സെമിനാര്‍ സമാപിച്ചു

ഭാഷാശാസ്ത്ര സെമിനാര്‍ സമാപിച്ചു

തിരൂര്‍: മിഷണറി ഭാഷാശാസ്ത്രപഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ക്രിസ്തുമതത്തിനപ്പുറം വിശാലമായ പരിപ്രേക്ഷ്യമുണ്ടാവണമെന്ന് ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ അഭിപ്രായപ്പെട്ടു. വേദാംഗങ്ങളായ ആറ് ശാസ്ത്രങ്ങളില്‍ മൂെണ്ണവും സാഹിത്യത്തെ അധികരിച്ചുള്ളവയായിരുന്നു. തൊല്‍ക്കാപ്പിയം, വീരചോഴിയം, നൂല്‍ തുടങ്ങിയ കൃതികളുടെ കര്‍ത്താക്കള്‍ ബുദ്ധ-ജൈന മതസ്ഥരായിരുന്നു. ഇത്തരം ചരിത്ര പശ്ചാത്തലവും കൃതികളും കൂടി പഠിച്ചുകൊണ്ടാണ് മിഷണറി ഭാഷാശാസ്ത്രത്തെ സമീപിക്കേണ്ടതെും മലയാളസര്‍വകലാശാലയില്‍ ത്രിദിന ഭാഷാശാസ്ത്ര സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഡോ. എം. ശ്രീനാഥന്‍ അദ്ധ്യക്ഷനായിരുന്നു.

മതപ്രചാരണം ഗുണ്ടര്‍ട്ടിന്റെ സാഹിത്യകൃതികളിലെ ലക്ഷ്യമായിരുില്ലെന്ന് സമാപനദിവസത്തെ ആദ്യ സെഷനില്‍ ഗുണ്ടര്‍ട്ടിന്റെ പാഠസങ്കല്‍പം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. കെ.എം. അനില്‍ പറഞ്ഞു. നളചരിതത്തിന്റെ വ്യാഖ്യാനം വജ്രസൂചി തുടങ്ങിയ കൃതികളില്‍ സാഹിത്യകാരനും ഭാഷാസ്‌നേഹിയുമായ ഗുണ്ടര്‍ട്ടിനെ മാത്രമേ കാണാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ പത്രപ്രവര്‍ത്തനത്തിന്റെ ബീജാവാപം മിഷണറി പത്രപ്രവര്‍ത്തനകാലത്തുതന്നെ ഉണ്ടായിരുന്നുവെന്ന് ‘മീഡിയ മാനേജ്‌മെന്റ്; മിഷണറി പ്രവര്‍ത്തന പശ്ചാത്തലത്തില്‍’ എന്ന വിഷയം അവതരിപ്പിച്ച ഡോ. പി. ലാല്‍മോഹന്‍ വ്യക്തമാക്കി. അച്ചടി ആരംഭിച്ചത്തിന് ശേഷവും രാജ്യസമാചാരം എന്ന പത്രം കല്ലച്ചില്‍ അച്ചടിച്ചത് കല്ലച്ചിലെ വാമൊഴിഭാഷയെ അതേപടി ഉപയോഗിക്കാനും ജനകീയ പ്രചാരണത്തിനും ഉദ്ദേശിച്ചായിരുന്നു. അതിലൂടെ വരമൊഴി ഭാഷയുടെ അധീശത്വസ്വഭാവം കീഴാളഭാഷാസങ്കല്‍പ്പം കൊണ്ട് അട്ടിമറിക്കാനും മിഷണറിമാര്‍ക്ക് കഴിഞ്ഞുവെന്നും ലാല്‍മോഹന്‍ പറഞ്ഞു.

മലയാള വ്യാകരണത്തെ സമ്പുഷ്ടമാക്കിയ ഗുണ്ടര്‍ട്ട് നിഘണ്ടുവിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കണമെന്നും ഡോ. ജോസഫ് സ്‌കറിയ ‘മിഷണറി വ്യാകരണ’ത്തെക്കുറിച്ച് സംസാരിക്കവെ വ്യക്തമാക്കി. ഡോ. എസ്. സജീവ്കുമാര്‍, ഡോ. എന്‍. മനോഹരന്‍, ഡോ. അശോക് ഡിക്രൂസ്, കെ.ജെ. അബ്‌റാര്‍, എ.ടി. ലിജിഷ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. എന്‍.വി. മുഹമ്മദ് റാഫി, ഡോ. സ്മിത.കെ. നായര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരായിരുന്നു.

Sharing is caring!