മലപ്പുറത്ത് പന്ത്രണ്ട് ബാല്യ വിവാഹശ്രമങ്ങള്‍ തടഞ്ഞു

മലപ്പുറത്ത് പന്ത്രണ്ട് ബാല്യ വിവാഹശ്രമങ്ങള്‍ തടഞ്ഞു

മലപ്പുറം: നിലമ്പൂര്‍ മേഖലയില്‍ നടക്കാനിരുന്ന പന്ത്രണ്ട് ബാല്യവിവാഹങ്ങള്‍ തടഞ്ഞ് കോടതി ഉത്തരവ്. ബാല്യവിവാഹ നിരോധന നിയമം 2006 പ്രകാരമാണ് നിലമ്പൂര്‍ ജുഡീഷ്യര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന ബാല്യ വിവാഹ നിരോധന ഓഫിസര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

നിലമ്പൂരിനു സമീപമുള്ള മൂത്തേടം പഞ്ചായത്തില്‍ പന്ത്രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നിയമ നടപടിയുമായി മുന്നോട്ട് പോയത്. ഇതു സംബന്ധിച്ച് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ അനീഷ് ചാക്കോ മുന്‍പാകെ പ്രത്യേക റിപ്പോര്‍ട്ട് ശിശു സംരക്ഷണ യൂണിറ്റ് നല്‍കിയിരുന്നു. കുട്ടികളുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നതിനും, ബാല്യ വിവാഹത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും, പതിനെട്ട് വയസുവരെ വിവാഹം നടത്തുന്നതു തടഞ്ഞുമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ശിശു സംരക്ഷണ യൂണിറ്റ് മുമ്പ് ബാലവിവാഹം തടയുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ സമീപിക്കുമ്പോള്‍ പ്രായപൂര്‍ത്തി ആകും മുമ്പ് വിവാഹം നടത്തില്ലെന്ന് എഴുതി നല്‍കി പലരും നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കുകയായിരുന്നു. പക്ഷേ ഇങ്ങനെ എഴുതി നല്‍കിയിട്ടും പലരും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ വിവാഹം നടത്തിയതായി ബാല്യ വിവാഹ നിരോധന ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തവണ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ജില്ലയില്‍ ആദ്യമായാണ് കോടതി ഉത്തരവ് പ്രകാരം പന്ത്രണ്ട് ബാല വിവാഹങ്ങള്‍ ഒരു ദിവസം തടയുന്നത്. തടഞ്ഞ ബാല വിഹാങ്ങളില്‍ ഹിന്ദു-മുസ്ലിം സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നുണ്ട്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികളെയാണ് വിവാഹം ചെയ്തയക്കുവാന്‍ തയ്യാറെടുത്തിരുന്നത്. വിവാഹം നടത്താന്‍ തീരുമനിച്ചതില്‍ ഒരു 15 വയസുകാരിയും, ആറു 16 വയസുകാരികളും, അഞ്ച് 17 വയസുകാരികളും ഉള്‍പ്പെടുന്നു.

കോടതി ഉത്തരവ് ലംഘിച്ചാല്‍ 2 ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം കഠിന തടവും ശിക്ഷയായി ലഭിക്കാം. ബാല്യ വിവാഹ നിരോധന നിയമം ജില്ലയില്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതായി ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ അറിയിച്ചു.

ബാല്യവിവാഹം ശ്രദ്ധയില്‍ പെട്ടാല്‍ ഈ നമ്പറുകളില്‍ വിളിച്ചറിയിക്കാം.
0483 2978888, 1098, 0483 2734830.

Sharing is caring!