അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിച്ചുമാറ്റാന്‍ കലക്ടറുടെ ഉത്തരവ്

അന്‍വര്‍ എം.എല്‍.എയുടെ  തടയണ പൊളിച്ചുമാറ്റാന്‍  കലക്ടറുടെ ഉത്തരവ്

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുമാറ്റാന്‍ മലപ്പുറം കലക്ടര്‍ ഉത്തരവിട്ടു. 14ദിവസത്തിനകം മലപ്പുറം ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ മേല്‍നോട്ടത്തില്‍ പൊളിച്ചുമാറ്റാനാണു ജില്ലാ കലക്ടര്‍ അമിത് മീണ ഉത്തരവിട്ടത്. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

അതേ സമയം അനുമതിയില്ലാതെ ഭാര്യാ പിതാവിന്റെ പേരില്‍ നിര്‍മിച്ച റോപ് വേ പൊളിക്കാനുള്ള ഉത്തരവ് നാലുമാസമായിട്ടും നടപ്പാക്കിയില്ല.
അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് നിര്‍മിച്ചതെന്ന പരാതിയില്‍ പത്തുദിവസത്തിനകം റോപ്‌വേ പൊളിച്ചു മാറ്റാന്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയതായി കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് പരാതിക്കാരനെ രേഖാമൂലം അറിയിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 2000അടി ഉയരത്തില്‍ മലയിടിച്ച് വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടയണകെട്ടി തടഞ്ഞത് പൊളിക്കാന്‍ ജില്ലാ കലക്ടര്‍ നടപടിയെടുത്തപ്പോഴാണു തടയണക്കുമീതെ അനുമതിയില്ലാതെ റോപ് വേ നിര്‍മിച്ചത്.

സ്ഥലമുടമയായ എം.എല്‍.എയുടെ രണ്ടാം ഭാര്യയുടെ പിതാവ് കോഴിക്കോട് തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ റോഡിലെ സി.കെ അബ്ദുല്‍ ലത്തീഫിനാണ് അനധികൃത നിര്‍മാണം പൊളിച്ചുമാറ്റുന്നതിന് പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. റോപ് വേ പൊളിച്ചുനീക്കാതെ പഞ്ചായത്ത് സെക്രട്ടറി നിയമലംഘനം നടത്തുന്നതായുള്ള പരാതിയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടറും ഇക്കാര്യത്തില്‍ റോ പ് വെ പൊളിക്കാനുള്ള നടപടിയിലേക്ക് നീങ്ങിയില്ല.
കക്കാടംപൊയിലില്‍ നിയമംലംഘിച്ച് നിര്‍മിച്ചപി.വി അന്‍വര്‍ എം.എല്‍.എയുടെയും രണ്ടാം ഭാര്യ പി.വി ഹഫ്‌സത്തിന്റെയും ഉടമസസ്ഥതയിലുള്ള വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായായിരുന്നു റോപ് വേ. ഭാര്യാ പിതാവിന്റെ അതേ വിലാസത്തിലെ താമസക്കാരനായി കാണിച്ചാണ് വാട്ടര്‍തീം പാര്‍ക്കിന് പി.വി അന്‍വര്‍ നേരത്തെ താല്‍ക്കാലിക ലൈസന്‍സ് നേടിയത്.

അനധികൃത നിര്‍മാണം തടഞ്ഞുള്ള കലക്ടറുടെ ഉത്തരവുള്ളതിനാല്‍ ഭാര്യാ പിതാവ് കോഴിക്കോട് തിരുവണ്ണൂര്‍ ഹഫ്‌സ മന്‍സില്‍ സി.കെ അബ്ദുല്‍ ലത്തീഫിന്റെ പേരില്‍ റസ്റ്ററന്റ് ആന്റ് ലോഡ്ജിങ് കെട്ടിടം നിര്‍മിക്കാനായി ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണു യാതൊരു അനുമതിയുമില്ലാതെ റോപ് വേ പണിതത്.
പരിസ്ഥിതി ലോല പ്രദേശത്ത് മൂന്നു വശവും വനഭൂമിയുള്ള സ്ഥലത്താണു തടയണക്ക് കുറുകെ രണ്ടു മലകളെ ബന്ധിപ്പിച്ച് 350മീറ്റര്‍ നീളത്തില്‍ റോപ് വേ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇവിടെ റോപ് സൈക്കിള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ പേരില്‍ റോപ് സൈക്കിള്‍ സവാരി ആരംഭിക്കുന്നതായി നോട്ടീസ് അടിച്ച് വിതരണം ചെയ്തിരുന്നു. പാര്‍ക്കില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ.
തടയണയില്‍ നിന്നും 30മീറ്റര്‍ മാറിയുള്ള റോപ് വെ നിര്‍മാണം വനത്തെയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നു നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ: ഡോ. ആര്‍. അടല്‍അരശന്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം അതീവ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലാണ് റോപ് വേ പണിതിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം ഇത് പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവിടാം. എന്നാല്‍ നിയമവിരുദ്ധ റോപ് വേയുടെ മുന്നില്‍ പഞ്ചായത്ത് വകുപ്പും റവന്യൂ വകുപ്പും മിണ്ടാതിരിക്കുകയാണ്.

Sharing is caring!