മലപ്പുറം ജില്ലയിലെ 126 പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി

മലപ്പുറം ജില്ലയിലെ  126 പോപ്പുലര്‍ഫ്രണ്ട്   നേതാക്കളുടെ സ്വത്ത് വകകള്‍  കണ്ടുകെട്ടി

മലപ്പുറം: കഴിഞ്ഞ സെപ്റ്റംബര്‍ 23-നു പോപ്പുലര്‍ഫ്രണ്ട് നടത്തിയ ഹര്‍ത്താല്‍ അക്രമങ്ങളോടനുബന്ധിച്ച് പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ 126 പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി.

ജപ്തി നടപ്പാക്കി 23-നു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ്
മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം ഉള്‍പ്പെടെയുള്ള പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയത്.

ഒരാളുടെ പേരില്‍ തന്നെ ഒന്നിലധികം സ്വത്ത് വകകളുണ്ട്. ഇന്നലെ രാത്രിയും തുടര്‍ന്ന ജപ്തി നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. നേതാക്കളുടെ വീട്, ഭൂമി എന്നിവയ്ക്ക് പുറമെ മഞ്ചേരി, തിരുനാവായ, വളാഞ്ചേരി എന്നിവിടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപനങ്ങളും കണ്ടുകെട്ടുന്നുണ്ട്. തിരൂര്‍ താലൂക്കില്‍ 40 പേരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി. ഏറനാട് -10, നിലമ്പൂര്‍- 12, പെരിന്തല്‍മണ്ണ – 14, പൊന്നാനി – നാല്, തിരൂരങ്ങാടി – 10, കൊണ്ടോട്ടി – മൂന്ന് സ്വത്ത് വകകള്‍ എന്നിങ്ങനെ ഇന്നലെ ജപ്തി ചെയ്തു. ചില സ്വത്ത് വകകളുടെ സര്‍വേ നമ്പറില്‍ വ്യത്യാസമുണ്ട്.

ഇതടക്കം പരിഹരിച്ചാവും ഇന്നത്തെ ജപ്തി നടപടികള്‍ പുരോഗമിക്കുക. പി.എഫ്.ഐ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ എടവണ്ണപ്പാറ എളമരത്തെ വീടും 43 സെന്റ് സ്ഥലവും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടും.അതേ സമയം ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണു നടപടി ആരംഭിച്ചത്.മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടല്‍ നടന്നത്. താഴേ പറയുന്ന ഇടങ്ങളില്‍ ഇതിനോടകം കണ്ടുകെട്ടല്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
1) പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അമരമ്പലം വില്ലേജ് കരുളായി വില്ലേജ്, 2) നിലമ്പൂര്‍ പി എസ് പരിധിയില്‍ നിലമ്പൂര്‍ വില്ലേജ് മമ്പാട് വില്ലേജ്, 3) എടവണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എടവണ്ണ വില്ലേജ്, 4) പൊന്നാനി, 5) പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വള്ളിക്കുന്ന് വില്ലേജ്, 6) കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോട്ടക്കല്‍ വില്ലേജ്, 7)വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എടയൂര്‍ വില്ലേജ് കാട്ടിപ്പരുത്തി വില്ലേജ്, 8) തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിരൂര്‍ മുനിസിപ്പാലിറ്റി തിരുനാവായ വില്ലേജ് തിരൂര്‍ വില്ലേജ്, 9) പാണ്ടിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പാണ്ടിക്കാട് വില്ലേജ്, 10) വേങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വേങ്ങര വില്ലേജ്, 11) കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂര്‍ക്കനാട് വില്ലേജ് പുഴക്കാട്ടിരി വില്ലേജ്, 12) മങ്കട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വലമ്പൂര്‍ വില്ലേജ്, 13) തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിരൂരങ്ങാടി വില്ലേജ് കണ്ണമംഗലം വില്ലേജ്, 14) മലപ്പുറം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മലപ്പുറം വില്ലേജ് മേല്‍മുറി വില്ലേജ്, 15)മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിയിലെ വിവിധ ഇടങ്ങള്‍

Sharing is caring!