ചാരിറ്റിയുടെ മറവില്‍ പണപ്പിരിവ് : പൊലീസ് സ്റ്റേഷനിലേക്ക് പരാതി പ്രവാഹം

ചാരിറ്റിയുടെ മറവില്‍ പണപ്പിരിവ് : പൊലീസ് സ്റ്റേഷനിലേക്ക് പരാതി പ്രവാഹം

മഞ്ചേരി : രണ്ടു ലക്ഷം രൂപ നല്‍കിയാല്‍ നാലു മാസത്തിനു ശേഷം എട്ടു ലക്ഷം രൂപയുടെ വീട് നല്‍കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് പണം നല്‍കിയവര്‍ പരാതികളുമായി മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി. തിരുവനന്തപുരം, വയനാട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇതിനകം പത്തോളം പരാതികള്‍ എത്തിയത്. പ്രതികള്‍ അറസ്റ്റിലായെന്ന വാര്‍ത്തയറിഞ്ഞവരാണ് പരാതികളുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് ഇന്നലെ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയത്. അന്വേഷണം പുരോഗമിക്കുന്നതായി മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി പറഞ്ഞു. വീട് വയ്ക്കാനുള്ള പണം അമേരിക്കന്‍ കമ്പനിയാണ് നല്‍കുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം വിശ്വസനീയമാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. പൊലീസ് റെയ്ഡിനിടെ ഓടി രക്ഷപ്പെട്ട ട്രസ്റ്റ് ചെയര്‍മാനെ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായ ട്രസ്റ്റ് സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായ അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി മുഹമ്മദ് ഷഫീഖ് (31)തന്നെയാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകനെന്നാണ് പൊലീസ് നിഗമനം. ഷഫീഖിന് പുറമെ അറസ്റ്റിലായ താഴേക്കോട് കരിങ്കല്ലത്താണി മാട്ടറക്കല്‍ കാരംകോടന്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് തോണിക്കടവില്‍ ഹുസൈന്‍ (39), പാലക്കാട് അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ ഷൗക്കത്തലി (47) എന്നിവരെ ഇക്കഴിഞ്ഞ ദിവസം മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലിലേക്കയച്ചിരുന്നു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കുമെന്ന് പൊലീസ് പറഞ്ഞു.
എന്റെ ഉസ്താദിന് ഒരു വീട് എന്നാണ് പദ്ധതിയാവിഷ്‌ക്കരിച്ചാണ് പ്രതികള്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. പൊലീസ് കണ്ടെടുത്ത 89.2 ലക്ഷം രൂപയ്ക്ക് പുറമെ ബാങ്ക് എക്കൗണ്ടുകളിലും പണം സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഈ എക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Sharing is caring!