ബിപിന്‍ വധക്കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ ഭാര്യ അറസ്റ്റില്‍

ബിപിന്‍ വധക്കേസില്‍  എസ്.ഡി.പി.ഐ  പ്രവര്‍ത്തകന്റെ  ഭാര്യ അറസ്റ്റില്‍

തിരൂര്‍: കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി തിരൂര്‍ തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍പടി സ്വദേശി ബിപിന്‍ (25) വെട്ടേറ്റു മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ സ്വദേശിനിയായ ഷാഹിദ (32)യാണ് അറസ്റ്റിലായത്.

കൃത്യം നടക്കുന്നതിനു മുമ്പ് മൂന്നിലേറെ തവണ ഷാഹിദയുടെ എടപ്പാളിലെ ഭര്‍ത്താവിന്റെ വീട്ടില്‍ ഗൂഢാലോചന നടത്തുകയും രണ്ടു തവണ ബിപിനു നേരെ വധശ്രമം നടത്തിയതിനുശേഷം കൃത്യത്തില്‍ പങ്കെടുത്തവര്‍ ഈ വീട്ടില്‍ താമസിച്ചിരുന്നുവെന്നതും സംഭവത്തെക്കുറിച്ചു അറിയാമായിരുന്നിട്ടും ഈ വിവരം മറച്ചുവച്ചുമെന്നതുമാണ് യുവതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇയാള്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചു.

അതേസമയം ബിപിന്‍ വധക്കേസില്‍ നിരപരാധികളായ സ്ത്രീകളെ പോലീസ് വേട്ടയാടുകയാണെന്നും ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പോലീസ് ഷാഹിദയെ പിടികൂടുകയായിരുന്നുവെന്നു എസ്ഡിപിഐ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു തിരൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കു ഇന്നു രാവിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കഴിഞ്ഞ രണ്ടു തവണ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ബ്ലോക്ക് പഞ്ചായത്തിലേക്കു ഷാഹിദ മത്സരിച്ചിട്ടുണ്ട്. സംഘടനയുടെ വനിതാ വിഭാഗം പ്രവര്‍ത്തകയാണ് ഷാഹിദ.

Sharing is caring!