താനൂരിൽ റൂർബൻ മിഷൻ പദ്ധതിക്ക് തുടക്കം; ആദ്യ ഘട്ടം ജലലഭ്യത ഉറപ്പാക്കാനും സമ്പൂർണ വൈദ്യുതീകരണത്തിനും

താനൂരിൽ റൂർബൻ മിഷൻ പദ്ധതിക്ക് തുടക്കം; ആദ്യ ഘട്ടം ജലലഭ്യത ഉറപ്പാക്കാനും സമ്പൂർണ വൈദ്യുതീകരണത്തിനും

താനൂർ: ഗ്രാമീണ മേഖലയിൽ സമഗ്ര മാറ്റത്തിന് വഴിയൊരുക്കി താനാളൂർ, നിറമരുതൂർ പഞ്ചായത്തുകളിൽ റൂർബൻ മിഷൻ പദ്ധതിക്ക് തുടക്കം. ഇരു പഞ്ചായത്തുകളിലെയും വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വി.അബ്ദുറഹിമാൻ എം.എൽ.എ നിർവ്വഹിച്ചു. താനാളൂർ, നിറമരുതൂർ പഞ്ചായത്തുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 33 കോടി രൂപയാണ് പഞ്ചായത്തുകൾക്ക് അനുവദിച്ചത്.

ഇതിൽ താനാളൂർ പഞ്ചായത്തിന് അനുവദിച്ച ആദ്യ ഘഡുവായ മൂന്നരക്കോടി രൂപ താനൂർ കുടിവെള്ള വിതരണത്തിൻ്റെ ടാങ്ക് നിർമാണത്തിനാണ് വിനിയോഗിക്കുക. ഇതിനായുള്ള ചെക്ക് വാട്ടർ അതോറിറ്റി എക്സി. എഞ്ചിനീയർ ഷംസുദ്ധീന് വി.അബ്ദുറഹിമാൻ എം എൽ എ കൈമാറി. രണ്ടു മാസത്തിനകം പ്രവൃത്തി പൂർത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ . കുടിവെള്ള പ്രശ്നം രൂക്ഷമായ പഞ്ചായത്തിലെ ജനങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്ന് എം എൽ എ പറഞ്ഞു.

കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി കൂടിയാണ് ശ്യാമപ്രസാദ് റൂർബൻ പദ്ധതി. നഗര സമാനമായ മാറ്റങ്ങൾ റൂർബൻ പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തുകൾക്ക് കൈവരിക്കാനാകും. രണ്ടു പഞ്ചായത്തുകൾ ചേർന്ന ക്ലസ്റ്ററിനാണ് പദ്ധതി. കേരളത്തിന് ആകെ നാല്ക്ലസ്റ്ററുകൾ മാത്രമാണ് അനുവദിച്ചത്. അതിലൊന്നാണ് താനൂർ. ആദ്യ ഗഡു രണ്ടു പഞ്ചായത്തുകൾക്കും ലഭിച്ചിട്ടുണ്ട്.

താനാളൂരിൽ കുടിവെള്ള പദ്ധതിയ്ക്കും, നിറമരുതൂരിൽ വൈദ്യുതി വിതരണ സൗകര്യങ്ങൾക്കും ആദ്യ ഗഡു ഉപയോഗിക്കാനാണ് തീരുമാനം. ലോക്ഡൗൺ പശ്ചാത്തലത്തിൽ താനാളൂർ പഞ്ചായത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ താനാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.മുജീബ് ഹാജി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി.അബ്ദുൾ റസാഖ്, വികസന കാര്യസ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കളത്തിൽ ബഷീർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീർ തുറുവായിൽ, നിറമരുതൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.ടി ശശി തുടങ്ങിയവർ സംസാരിച്ചു.

Sharing is caring!