മലപ്പുറം ജില്ലയില്‍ വനിതാകമ്മീഷന് മുമ്പാകെ പരാതികള്‍ കുറയുന്നു

മലപ്പുറം ജില്ലയില്‍ വനിതാകമ്മീഷന്  മുമ്പാകെ പരാതികള്‍ കുറയുന്നു

മലപ്പുറം: ജില്ലയില്‍ വനിതാകമ്മീഷന് മുമ്പാകെ എത്തുന്ന പരാതികളുടെ എണ്ണം കുറഞ്ഞുവരുന്നതായി വനിതാകമ്മീഷനംഗം ഇ.എം രാധ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലെ അദാലത്തുകളിലെത്തുന്ന പരാതികളെ അപേക്ഷിച്ച് ഇപ്പോള്‍ പരാതികള്‍ കുറവാണ്. ഇതൊരു ശുഭസൂചനയാണെന്നും വനിതാകമ്മീഷന്റെ ശക്തമായ ഇടപെടലുകളും ബോധവത്ക്കരണ പരിപാടികളും പരാതികളില്‍ സ്വീകരിക്കുന്ന കര്‍ക്കശമായ നിയമനടപടികളുമെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒരു പരിധിവരെ ജില്ലയില്‍ ഇല്ലാതാക്കാനായിട്ടുണ്ടെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കുടുംബപ്രശ്‌നങ്ങളും സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് മുന്‍പ് അദാലത്തിലെത്തിയിരുന്നത്. എന്നാല്‍ അത്തരത്തിലുള്ള കേസുകളൊന്നും നിലവില്‍ അദാലത്തിലെത്തുന്നില്ലെന്നും കമ്മീഷന്‍ അറിയിച്ചു. അതേ സമയം കോടതിയുടെ പരിഗണനയിലുള്ള പരാതികള്‍ വീണ്ടും അദാലത്തിലെത്തുന്നതായും അത്തരം കേസുകളില്‍ കമ്മീഷന് ഇടപെടാനാവില്ലെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു.
കമ്മീഷന്‍ നിരവധി തവണ അദാലത്തില്‍ പരിഗണിച്ച വളാഞ്ചേരിയിലെ എല്‍. പി സ്‌കൂളിലെ പ്രധാനധ്യാപകനെതിരെയും മാനേജ്‌മെന്റിനെതിരെയും അവിടുത്തെ അധ്യാപിക നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കിയതായി കമ്മീഷന്‍ അറിയിച്ചു. പരാതിയില്‍ വകുപ്പു തല അനേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരൂര്‍ ഉപജില്ലാവിദ്യാഭ്യാസ ഡയറക്ടറോട് കമ്മീഷന്‍ മുന്‍ അദാലത്തില്‍ ആവശ്യപ്പെട്ടിരുന്നു.ഇതര സംസ്ഥാന തൊഴിലാളി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭോപ്പാലിലേക്ക് കടന്ന കുറ്റരോപിതനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി കമ്മീഷന്‍ അറിയിച്ചു. കുതിരവട്ടം മാനസികാരോഗ്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉപദ്രവം ഉണ്ടാക്കുന്നു എന്ന പരാതിയുമായി അമ്മയും അനിയത്തിയും കമ്മീഷന് മുന്നിലെത്തി. മാനിസപ്രശ്‌നമുള്ളതിനാല്‍ ആശുപത്രി അധികൃതരോട് മകനെ തിരികെ കൊണ്ടുപോകാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 59 കേസുകളാണ് കമ്മീഷന്‍ പരിഗണിച്ചത്. 19 കേസുകള്‍ തീര്‍പ്പാക്കുകയും 12 കേസുകള്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ബാക്കി കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അടുത്ത അദാലത്ത് മാര്‍ച്ച് 16ന് നടക്കും. ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, കമ്മീഷനംഗങ്ങളായ അഡ്വ.റീബാ എബ്രഹാം, അഡ്വ.രാജേഷ് പുതുക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!