പ്രതിസന്ധികൾക്കിടയിലും സ്പിന്നിങ് മിൽ നേടിയ നേട്ടങ്ങൾ അഭിനന്ദാർഹം: മന്ത്രി പി. രാജീവ്

പ്രതിസന്ധികൾക്കിടയിലും സ്പിന്നിങ് മിൽ നേടിയ നേട്ടങ്ങൾ അഭിനന്ദാർഹം: മന്ത്രി പി. രാജീവ്

മലപ്പുറം: പ്രതിസന്ധികൾക്കിടയിലും മലപ്പുറം കോ-ഒപറേറ്റീവ് സ്പിന്നിങ് മിൽ നേടിയ നേട്ടങ്ങൾ അഭിനന്ദാർഹമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്ലിന്റെ നവീകരിച്ച കോൺവെൻഡിങ് ഡിപ്പാർട്മെന്റിന്റെയും പുതിയ സിംപ്ലക്സ് മെഷീനിന്റെയും പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യന്ത്രവത്കൃത കാലഘട്ടത്തിൽ പൊതുവെ സ്പിന്നിങ് മില്ലുകൾ വൻപ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടയിലും മികച്ച വരുമാനം കണ്ടെത്താൻ മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്ലിന് സാധിച്ചിട്ടുണ്ട്. 25-100 കോടി രൂപക്കിടയിൽ വിറ്റുവരവുള്ള മില്ലുകൾക്ക് വ്യവസായ വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം നേടിയത് ഇതിന് ഉദാഹരണമാണ്. ടെക്‌നോളജി അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവന്നാൽ കൂടുതൽ ഉത്പാദനവും അതുവഴി ലാഭവും ഉയർത്താൻ സാധിക്കും. കമ്പനി എന്നത് സർക്കാർ വകുപ്പുകളല്ല. പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ സഹായിക്കും. എന്നാൽ കമ്പനി ലാഭത്തിലാക്കി അതിൽ നിന്നും വേതനവും മറ്റു ആനുകൂല്യങ്ങളും നൽകാൻ സാധിക്കണം. അതിന് മത്സരസ്വഭാവത്തോടെ തൊഴിലാളികളും പ്രവർത്തിക്കണം. സർക്കാറിന്റെ സഹായങ്ങൾക്കായി മാത്രം കാത്തുനിൽക്കരുതെന്നും ഫാഷൻ ഡിസൈനിങ് പോലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾ മലപ്പുറം സ്പിന്നിങ് മിൽ അങ്കണത്തിൽ സ്ഥാപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമി തരം മാറ്റം: അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കും- ജില്ലാ കളക്ടര്‍

സ്പിന്നിങ് മിൽ അങ്കണത്തിൽ നടന്ന പരിപാടിയിൽ മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ എം.കെ. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. ബി.പി.ടി മെമ്പർ സെക്രട്ടറി പി. സതീഷ് കുമാർ, ഡയറക്ടർ കെ.മജ്നു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേഷ്, വാർഡ് കൗൺസിലർ സജീർ കളപ്പാടൻ, സ്്പിന്നിങ് മിൽ മുൻ ചെയർമാൻ പാലോളി അബ്ദുറഹിമാൻ, പ്രിയദർശിനി കോ-ഓപറേറ്റീവ് സ്പിന്നിങ് മിൽ ചെയർമാൻ ടി.എം തോമസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് വി.പി അനിൽ, എം.പി ഹംസ, കെ.പി സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. സ്പിന്നിങ് മിൽ ചെയർമാൻ പി. മുഹമ്മദ് യൂസുഫ് സ്വാഗതവും ഡെപ്യൂട്ടി മാനേജർ കെ.കെ രാജൻ നന്ദിയും പറഞ്ഞു.

Sharing is caring!