സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും – മന്ത്രി പി രാജീവ്

സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും – മന്ത്രി പി രാജീവ്

പെരിന്തൽമണ്ണ: സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. ‘ സ്‌കെയില്‍ അപ്’ ബിസിനസ് കോണ്‍ക്ലേവ് പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യ, ക്യാംപസ് , സഹകരണ വ്യവസായ പാര്‍ക്കുകള്‍ കൂടുതലായി ആരംഭിക്കും. അഞ്ച് ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കും. ഏഴ് ഏക്കര്‍ ലഭ്യമാക്കിയാല്‍ സഹകരണ സംഘങ്ങള്‍ക്കും പത്ത് ഏക്കര്‍ ഉണ്ടെങ്കില്‍ സ്വകാര്യ വ്യക്തികള്‍ക്കും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാം.

ഏകജാലക സംവിധാനവും അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ ഒരുക്കി നല്‍കും. ചെറുകിട സംരംഭങ്ങളും നൂതന സംരംഭങ്ങളും കൂടുതല്‍ ആരംഭിക്കുന്ന സംസ്ഥാനമാണ് കേരളം. രണ്ട് വര്‍ഷത്തിനിടെ 217000 സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭിച്ചത്. ഇതില്‍ 65000 സ്ത്രീകളുടെ സംരംഭങ്ങളാണ്. കേരളം വ്യവസായ സൗഹൃദമാണെന്നതിന്റെ തെളിവാണിത്. ആരോഗ്യ മേഖലയിലും ഐടി മേഖലയിലും ലോകത്തിലെ മികച്ച സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. 20 വര്‍ഷത്തിനകം കേരളം വികസന രാജ്യങ്ങള്‍ക്കൊപ്പം ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു. പികെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.

ആശയങ്ങൾക്ക് ചിറക് നൽകി ‘സ്‌കൈൽ അപ്’ കോൺക്ലേവിന് തുടക്കം

പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എകെ മുസ്തഫ, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോര്‍, മുന്‍ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിഎം മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗം റഹമത്തുന്നീസ് താമരത്ത്, വി ബാബുരാജ്, എകെ നാസര്‍, അഡ്വ. എസ് അബ്ദുസലാം, ഡോ. പി ഉണ്ണീന്‍, ഫാറൂഖ് പച്ചീരി, കെവി ജോര്‍ജ്, അഡ്വ. രാജേന്ദ്രന്‍, ഡീന ജേക്കബ്, സതീഷ് പിള്ള, നദീം സഫ്‌റാന്‍, അക്ഷയ്, ഡോ. ഷംസുദ്ദീന്‍, വി എ ഹസ്സന്‍, മജീദ് വെട്ടത്തൂര്‍, നദീം റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!