സംരഭക ലോകത്തേക്ക് യുവാക്കളെ ആകർഷിക്കാൻ സ്കെയിൽ അപ് കോൺക്ലേവ് നാളെ മുതൽ

സംരഭക ലോകത്തേക്ക് യുവാക്കളെ ആകർഷിക്കാൻ സ്കെയിൽ അപ് കോൺക്ലേവ് നാളെ മുതൽ

പെരിന്തൽമണ്ണ: സംരംഭകർക്ക് കൈത്താങ്ങാവാൻ പെരിന്തൽമണ്ണ ഒരുങ്ങി. മലബാറിലെ ആദ്യത്തെ സമ്പൂർണ്ണ ബിസിനസ് കോൺക്ലേവ് ‘സ്‌കെയിൽ അപ്’ നാളെ തുടങ്ങും. കേരള സ്റ്റാർട്ടപ്പ് മിഷൻ, അസാപ്പ്, നോളജ് ഇക്കണോമി മിഷൻ, കെ.എസ്.ഐ.ഇ.ഡി.സി എന്നിവയുടെ സഹകരണത്തോടെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ബിസിനസ് കോൺക്ലേവ് ഫെബ്രുവരി മൂന്നിന് സമാപിക്കും. വനിതകളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ് സ്വപ്നങ്ങൾക്ക് നിറം പകരുക എന്ന ലക്ഷ്യത്തോടെയാണ് പെരിന്തൽമണ്ണയിൽ ഇത്തരമൊരു കോൺക്ലേവിന് നേതൃത്വം നൽകുന്നതെന്ന് നജീബ് കാന്തപുരം എം.എൽ.എ അറിയിച്ചു. ഏതെങ്കിലും തരത്തിൽ ബിസിനസുമായോ സംരംഭങ്ങളുമായോ ബന്ധമുള്ളവർക്കും പൊതുജനങ്ങൾക്കും കോൺക്ലേവിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. അഞ്ചു വേദികളിലായാണ് വിവിധ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ ബിസിനസ് സംരംഭങ്ങൾ കൊണ്ടുവരികയും അതുവഴി പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് സ്‌കെയിൽ അപ്പ് കോൺക്ലേവിന്റെ ലക്ഷ്യം. ബിസിനസ് മേഖലയിലും സംരംഭക രംഗത്തുമുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും സംരംഭകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനും കോൺക്ലേവിലൂടെ സാധ്യമാവും. രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന പ്രമുഖ സംരംഭകരുടെയും വ്യവസായികളുടെയും ഉപദേശ നിർദേശങ്ങളോടെ പ്രാദേശിക സംരംഭകരെ ഉയർത്തിക്കൊണ്ടു വരുന്നതിനാണ് പെരിന്തൽമണ്ണയിൽ സംയോജിത ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

സംരംഭകർക്ക് സാമ്പത്തിക ഉപദേശം നൽകുന്നതിന് മലപ്പുറത്ത് ഹെൽപ് ഡെസ്‌ക്ക്

രണ്ടു ദിവസമായി നടക്കുന്ന കോൺക്ലേവിന്റെ ഭാഗമായി വ്യവസായ, സംരംഭക രംഗങ്ങളിലെ പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും. സംരംഭക രംഗത്തേക്ക് കടന്നുവന്നവർക്കും പുതുതായി കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും അവനവന്റെ സംരംഭങ്ങളെ ഉയർത്തുന്നതിനും വളർത്തുന്നതിനുമായി ആവശ്യമായ എല്ലാ തരത്തിലുള്ള സഹായങ്ങളും കോൺക്ലേവ് ഉറപ്പാക്കും. സെമിനാറുകൾ, ചർച്ചകൾ, പരിശീലന പരിപാടികൾ എന്നിവ നടക്കും. ഓരോ സെഷനുകൾക്കും പ്രമുഖരാണ് നേതൃത്വം നൽകുക.

ഫെബ്രുവരി മൂന്നിന് രാവിലെ 9.30 ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. ആസാദ് മൂപ്പൻ, എം.വി. ശ്രേയാംസ് കുമാർ, അനീഷ് അച്ച്യുതൻ, നവാസ് മീരാൻ, എസ് ഹരി കിഷോർ, ഡോ. സജി ഗോപിനാഥ്, ഡോ. ഉഷ ടൈറ്റസ്, സന്തോഷ് ജോർജ്ജ് കുളങ്ങര, തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.

Sharing is caring!