കൊണ്ടോട്ടിയിലെ ട്രാവല്‍ ഏജന്‍സിക്ക് രണ്ട് ലക്ഷം രൂപയ്ക്കടുത്ത് പിഴയിട്ട് ഉപഭോക്തൃ കോടതി

കൊണ്ടോട്ടിയിലെ ട്രാവല്‍ ഏജന്‍സിക്ക് രണ്ട് ലക്ഷം രൂപയ്ക്കടുത്ത് പിഴയിട്ട് ഉപഭോക്തൃ കോടതി

കൊണ്ടോട്ടി: സേവനത്തില്‍ വീഴ്ച വരുത്തിയതിന് ട്രാവല്‍ ഏജന്‍സിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. ഡോ. പി. സുരേഷ്‌കുമാറാണ് ട്രാവല്‍ ഏജന്‍സിക്കെതിരെ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പരാതിക്കാരന്‍ യു.കെയില്‍ എഫ്.ആര്‍.സി.പി. കോണ്‍വെക്കേഷനില്‍ കുടുംബ സമേതം പങ്കെടുക്കുന്നതിന് വിസ, വിമാന ടിക്കറ്റ്, താമസ സൗകര്യം എന്നിവ ഏര്‍പ്പെടുത്തുന്നതിന് ട്രാവല്‍ ഏജന്‍സിയെ സമീപിച്ചിരുന്നു. വിസ സംഘടിപ്പിക്കുന്നതില്‍ ട്രാവല്‍ ഏജന്‍സി വീഴ്ചവരുത്തിയതിനാല്‍ പരാതിക്കാരന് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നേരിട്ട് ബന്ധപ്പെട്ട് വിസ സംഘടിപ്പിക്കേണ്ടി വന്നു.

എന്നാല്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വീണ്ടും പണം ആവശ്യപ്പെട്ട് ട്രാവല്‍ ഏജന്‍സി പരാതിക്കാരന് നോട്ടീസയച്ചു. അതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. നല്‍കിയ സംഖ്യക്ക് രശീതി നല്‍കിയില്ല എന്നും ഏതെല്ലാം കാര്യത്തിന് എത്രയൊക്കെയാണ് ചെലവഴിച്ചതെന്ന് അറിയിച്ചില്ല എന്നും താമസ സൗകര്യം നിലവാരമില്ലാത്തതായിരുന്നുവെന്നും പരാതിക്കാരന്‍ കമ്മീഷനില്‍ ബോധിപ്പിച്ചു. രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ യഥാര്‍ത്ഥ ചെലവായ 4,19,550 രൂപക്ക് പകരം 7,93,500 രൂപ ട്രാവല്‍ ഏജന്‍സി വാങ്ങിയതായി കണ്ടെത്തി.

ട്രാവല്‍ ഏജന്‍സിയുടെ നടപടി അനുചിതവ്യാപാരവും സേവനത്തിലെ വീഴ്ചയുമാണ് എന്ന് കണ്ടതിനാല്‍ അധികമായി ഈടാക്കിയ 2,72,412 രൂപ ഹരജി തിയ്യതി മുതല്‍ പലിശ സഹിതം തിരിച്ചു നല്‍കണമെന്നും 12% നഷ്ടപരിഹാരമായി 1,50,000 രൂപയും കോടതി ചെലവായി 25,000 രൂപയും നല്‍കണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. ഒരു മാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധി തിയ്യതി മുതല്‍ മുഴുവന്‍ സംഖ്യക്കും 9% പലിശയും നല്‍ കണമെന്നാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി.

Sharing is caring!