സമസ്തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങൾ ഹക്കീം ഫൈസിക്കൊപ്പം വേദിയിൽ, സമസ്ത-ഹക്കീം ഫൈസി പോര് മുറുകുന്നു

സമസ്തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങൾ ഹക്കീം ഫൈസിക്കൊപ്പം വേദിയിൽ, സമസ്ത-ഹക്കീം ഫൈസി പോര് മുറുകുന്നു

മലപ്പുറം: സമസ്ത യുവജന സംഘടനകളുടെ വിലക്കിനെ അവ​ഗണിച്ച് ഹക്കീം ഫൈസി ആദ്യശ്ശേരിക്കൊപ്പം വേദി പങ്കിട്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇദ്ദേഹം തന്നെ അധ്യക്ഷനായ സമസ്ത വിദ്യാർഥി സംഘടന, യുവജന സംഘടനയായ എസ് കെ എസ് എസ് എഫ് എന്നിവയാണ് ഹക്കീം ഫൈസിയുമായി സമസ്ത നേതാക്കൾ സഹകരിക്കരുതെന്ന് നിർദേശം നൽകിയത്. കോഴിക്കോട് നാദാപുരത്ത് വാഫി സ്ഥാപനങ്ങളുടെ ശിലാസ്ഥാപന-ഉദ്ഘാടന ചടങ്ങിലാണ് സാദിഖലി തങ്ങൾ പങ്കെടുത്തത്.

സംഘടനാ വിരുദ്ധ പ്രവർത്തനവും, ആദർശ വിരുദ്ധ നിലപാടുകളുടേയും പേരിലാണ് ഹക്കീം ഫൈസിക്കെതിരെ നേതൃത്വം തിരിഞ്ഞത്. ഹക്കീം ഫൈസിയുമായി സഹകരിക്കുകയോ, പരിപാടികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നാണ് സുന്നി വിദ്യാർഥി-യുവജന സംഘടനകളുടെ നിർദേശം. മാസങ്ങൾക്ക് മുമ്പ് ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി അദ്ദേഹത്തെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ വാഫി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജെസ് (സി ഐ സി) ജനറൽ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കാനും ശ്രമം നടന്നിരുന്നു.

ഇതിനെ ധിക്കരിച്ചാണ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടിയിൽ പങ്കെടുത്തത്. മാത്രമല്ല വാഫി-വഫിയ്യ സംവിധാനത്തെ പുകഴ്ത്തി ചടങ്ങിൽ സംസാരിക്കുകയും ചെയ്തു. വിദ്യാഭ്യാസ-നവോന്ഥാന മേഖലയിൽ അത്ഭുതം സൃഷ്ടിക്കുന്ന പാഠ്യപദ്ധതിയാണ് വാഫി-വഫിയ്യയെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

Sharing is caring!