കുറഞ്ഞ ചെലവില്‍ ഹജ് യാത്ര വാഗ്ദാനം ചെയ്ത് തട്ടിപ്പ്, മലപ്പുറത്തുകാരന്‍ അറസ്റ്റില്‍

കുറഞ്ഞ ചെലവില്‍ ഹജ് യാത്ര വാഗ്ദാനം ചെയ്ത് തട്ടിപ്പ്, മലപ്പുറത്തുകാരന്‍ അറസ്റ്റില്‍

കൊണ്ടോട്ടി: ചെലവ് കുറച്ച് ഹജ് യാത്ര വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. വണ്ടൂര്‍ തിരുവാലി സ്വദേശി ചേന്നന്‍ കുളത്തില്‍ അനീസി (33)നെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി സ്വദേശിനി നല്‍കിയ പരാതിയിലായിരുന്നു പോലീസ് നടപടി.

കഴിഞ്ഞ വര്‍ഷത്തെ ഹജ് യാത്രയ്ക്കു മുന്‍പ് 2022 ജൂണ്‍ രണ്ടിനായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം ഹജിനുണ്ടായ യാത്രാചെലവ് വര്‍ധന ഇയാള്‍ മുതലെടുക്കുകയായിരുന്നു. കൊണ്ടോട്ടിയിലെ മറ്റൊരു സ്ത്രീക്കും സമാന രീതിയില്‍ പണം നഷ്ടമായെങ്കിലും അവര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ബെംഗളൂരുവിലേക്ക് മുങ്ങിയിരുന്നു. അവിടെ വിവിധ ഭാഗങ്ങളില്‍ ഒളിച്ച് താമസിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാകുന്നത്.

ഹജ് യാത്രാ തട്ടിപ്പിന് പുറമേ മറ്റ് സമാന കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് പരാതിയുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എ എസ് പി വിജയ്ഭാരത് റെഡ്ഡി, എസ് ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!