ഹൈദ്രുവിനെ വനത്തിലെ കുറ്റിക്കാട്ടില്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയകേസില്‍ മൂസ കോടതിയില്‍ കീഴടങ്ങി

ഹൈദ്രുവിനെ വനത്തിലെ കുറ്റിക്കാട്ടില്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയകേസില്‍ മൂസ കോടതിയില്‍ കീഴടങ്ങി

മലപ്പുറം: ബാവക്കുത്ത് ഹൈദ്രു വധക്കേസിലെ പ്രതി നിലമ്പൂര്‍ കോടതിയില്‍ കീഴടങ്ങി. പ്രതിക്ക് കീഴ്‌ക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കേടതി തള്ളിയതിനെത്തുടര്‍ന്നാണ് പ്രതി നല്ലംതണ്ണി മണക്കാട് മുസ്ലിയാരകത്ത് മൂസ(39) നിലമ്പൂര്‍ കോടതിയില്‍ കീഴടങ്ങിയത്. മൂസയെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
2005-ജൂലൈ പതിനെട്ടിനാണ് വെള്ളിമുറ്റം കൊടീരി ബാവക്കുത്ത് ഹൈദ്രുവെന്ന എഴുപത്തിരണ്ടുകാരന്‍ കൊടീരി വനത്തില്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ ഹൈദ്രുവിനെ വനത്തിലെ ഷെഡിന് സമീപം കുറ്റിക്കാട്ടില്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട സമയം ഹൈദ്രുവിന്റെ പക്കല്‍ 20000ത്തിലധികം രൂപ ബെല്‍റ്റില്‍ സൂക്ഷിച്ചിരുന്ന വിവരം അറിഞ്ഞ പ്രതി ഈ പണം തട്ടിയെടുക്കുന്നതിനായാണ് കൊലപാതകം നടത്തിയത്. ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും വര്‍ഷങ്ങളോളം നൂറ് കണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. തുടര്‍ന്നാണ് 2020 ജൂണ്‍ പതിനൊന്നിന് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന മണക്കാട് സ്വദേശി മുസ്ലിയാരകത്ത് മൂസയുടെ വീട്ടില്‍ പരിശോധന നടത്തി ഇയാള്‍ കുറ്റക്കാരനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ജില്ലാ സയന്റിഫിക് ഓഫിസര്‍ ത്വയ്ബ കൊട്ടേക്കാടിന്റെ നേതൃത്വത്തിലുള്ള സംഘം മൂസയുടെ വീട്ടിലെ മേശവലിപ്പില്‍ നിന്നും ഹൈദ്രുവിന്റേതെന്ന് കരുതുന്ന രക്തക്കറ കണ്ടെത്തി. കൊല്ലപ്പെട്ട ഹൈദ്രുവില്‍ നിന്നും മോഷ്ടിച്ച പണം അലമാര വലിപ്പില്‍ സൂക്ഷിച്ചപ്പോള്‍ രക്തം പുരണ്ടതാണെന്ന് പരിശോധനാ സംഘം കണ്ടെത്തി. പ്രതിയാണെന്ന് വ്യക്തമായതോടെ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്ത് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ നിലമ്പൂര്‍ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനെതിരെ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപ്പീല്‍ നല്‍കുകയും മൂസയോട് കിഴടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു ഹൈക്കേടതിയും കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണിയാള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇതിനിടെ കൊലപാത കേസായതിനാല്‍ ഇയാളുടെ ജാമ്യം തള്ളണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എസ്.പി വിക്രമന്‍ സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ അപ്പീല്‍ ഹരജിയില്‍ ക്രൈംബ്രാഞ്ചിന്റെ വാദം ശരിയാണെന്ന് സുപ്രീം കോടതി കണ്ടെടത്തുകയും പ്രതിയോട് മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇന്നലെ മൂസ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌റ്റ്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്..

 

Sharing is caring!