മലപ്പുറത്ത് വ്യാജ തിമിംഗല ഛര്‍ദ്ദിലിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. അഞ്ചംഗ സംഘം പിടിയില്‍

മലപ്പുറത്ത് വ്യാജ തിമിംഗല ഛര്‍ദ്ദിലിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. അഞ്ചംഗ സംഘം പിടിയില്‍

മലപ്പുറം: വ്യാജ തിമിംഗല ഛര്‍ദ്ദിലിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. കടലില്‍ നിന്നും വളരെ അപൂര്‍വ്വമായി മീന്‍പിടുത്തക്കാര്‍ക്കും മറ്റും ലഭിക്കുന്ന ആംബര്‍ഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദ്ദില്‍ 45 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ച അഞ്ചംഗ സംഘം പിടിയില്‍. തിമിംഗല ഛര്‍ദ്ദില്‍ മോഹവിലയ്ക്കെടുക്കാന്‍ വിദേശത്തും കേരളത്തിന് പുറത്തും ആളുകള്‍ ക്യൂ നില്‍ക്കുന്നതായും പോലീസ്. മലപ്പുറം ജില്ലയില്‍ വ്യാജ ആംബര്‍ഗ്രീസിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അഞ്ചു പേരാണ് മലപ്പുറം പോലീസിന്റെ പിടിയിലായത്.
തട്ടിപ്പിനിരയായ പെരിന്തല്‍മണ്ണ സ്വദേശി യുടെ പരാതിയില്‍ ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ സി.ഐ.ജോബിതോമസും പ്രത്യകസംഘവും നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം ബസ്സ്റ്റാന്‍ഡ് പരിസരത്ത് വച്ച് ആറംഗസംഘത്തെ 25 കിലോയോളം വ്യാജ ആംബര്‍ഗ്രീസുമായി ആഡംബര കാര്‍ സഹിതം പിടികൂടിയത്. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശികളായ വെമ്മുള്ളി അബ്ദുള്‍റൗഫ്(40), വെമ്മുള്ളി മജീദ്(46) , കണ്ണൂര്‍ തളിപ്പറമ്പ് പൂമംഗലം സ്വദേശി വള്ളിയോട്ട് കനകരാജന്‍(44),തിരൂര്‍ പറപ്പൂര്‍ സ്വദേശി പടിവെട്ടിപ്പറമ്പില്‍ രാജന്‍(48), ഒയൂര്‍ സ്വദേശി ചിറ്റമ്പലം ജലീല്‍(35), എന്നിവരെയാണ് മലപ്പുറം ടൗണില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.

ഇരുപത്തഞ്ച് കിലോയോളം തൂക്കംവരുന്ന ആംബര്‍ഗ്രീസ് തങ്ങളുടെ കൈവശമുണ്ടെന്നും മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 45 ലക്ഷത്തോളം രൂപ വിലയുള്ളതായും പെരിന്തല്‍മണ്ണ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ച് അഡ്വാന്‍സായി പതിനായിരം രൂപവാങ്ങി ആറുകിലോയോളം വരുന്ന വ്യാജ ആംബര്‍ ഗ്രീസ് കൈമാറുകയായിരുന്നു. ബാക്കി പണം സാധനം കൈമാറുമ്പോള്‍ കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. പരാതിക്കാരന്‍ വിശദമായി പരിശോധിച്ചസമയത്താണ് സാധനം വ്യാജമാണെന്നും തട്ടിപ്പ് മനസിലാക്കി മലപ്പുറം സ്റ്റേഷനില്‍ പരാതി കൊടുക്കുകയുമായിരുന്നു. കടലില്‍ നിന്നും വളരെ അപൂര്‍വ്വമായി മീന്‍പിടുത്തക്കാര്‍ക്കും മറ്റും ലഭിക്കുന്നതും ലക്ഷക്കണക്കിന് രൂപ മൂല്യമുള്ളതുമായ ആംബര്‍ഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദ്ദില്‍ മോഹവിലയ്ക്ക് വിദേശത്തും കേരളത്തിന് പുറത്തും എടുക്കാന്‍ ആളുണ്ട് എന്നതും തട്ടിപ്പിനിരയാവുന്നവര്‍ മാനക്കേട് ഭയന്ന് പരാതി കൊടുക്കാറില്ല എന്നതുമാണ് ഇത്തരത്തില്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് വളമാവുന്നത്. പ്രതികളുടെ കാറില്‍ നിന്നും ഇരുപത് കിലോയോളം വ്യാജ ആംബര്‍ഗ്രീസ് പിടിച്ചെടുത്തു. എടയാറ്റൂര്‍ സ്വദേശി അബ്ദുള്‍ റൗഫിന്റെ പേരില്‍ മുന്‍പും സമാനതരത്തിലുള്ള തട്ടിപ്പുകസുകളുണ്ട്. കേരളത്തില്‍ മറ്റു ജില്ലകളിലും ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതിനെ കുറിച്ച് സൂചനലഭിച്ചതായും ഡിവൈഎസ്പി അബ്ദുള്‍ ബഷീര്‍,സിഐ.ജോബിതോമസ് അറിയിച്ചു.
മലപ്പുറം പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡും മലപ്പുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ അമീറലി, എ.എസ്.ഐ സിയാദ് കോട്ട, ഹമീദലി . ഹാരീസ്, ഷാജു, ഷിന്‍സ് ആന്റണി ,
എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.

 

 

Sharing is caring!