നിയമം കാറ്റില്‍ പറത്തി മലപ്പുറത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത് സി.പി.എം ലോക്കല്‍ സെക്രട്ടറിയെ

നിയമം കാറ്റില്‍ പറത്തി മലപ്പുറത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത് സി.പി.എം ലോക്കല്‍ സെക്രട്ടറിയെ

മലപ്പുറം: നിയമം കാറ്റില്‍ പറത്തി മലപ്പുറത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) മലപ്പുറം ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുത്തത് സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എ. സുരേഷിനെ. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സി.ഡബ്ല്യു.സി ചെയര്‍മാനോ അംഗത്തിനോ ഒൗേദ്യാഗിക രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനം വഹിക്കാനോ മറ്റുജോലികളില്‍ ഏര്‍പ്പെടാനോ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടു സി.പി.എം പാര്‍ട്ടി നേതാവിന് തന്നെ സ്ഥാനം കൈമാറിയത്.
കമ്മിറ്റിയില്‍ തന്നെ പൂര്‍ണ ശ്രദ്ധയും സമയവും നല്‍കുന്നതിന്റെ ഭാഗമാണിത്. മാര്‍ച്ച് ആറിന് കാലാവധി കഴിഞ്ഞ കമ്മിറ്റിയുടെ പുതിയ അംഗങ്ങളുടെ അഭിമുഖ ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്.
സി. ഹേമലത, ജി. രാജേഷ് കുമാര്‍, ശ്രീജ പുളിക്കല്‍, പി. ജാബിര്‍ എന്നിവരാണ് സി.ഡബ്ല്യു.സി കമ്മിറ്റി അംഗങ്ങള്‍. പി. ജാബിര്‍ മാറാക്കര പഞ്ചായത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ്. മറ്റുള്ള അംഗങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. നേരത്തെ അഡ്വ. എ. സുരേഷ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും പൊന്നാനി നഗരസഭയില്‍ സി.പി.എം കൗണ്‍സിലറുമായിരുന്നു.
ജെ.ജെ ആക്ട് പ്രകാരം സ്ഥാപിതമായ ശിശുക്ഷേമ സമിതികളില്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവൃത്തി പരിചയമില്ലാത്തവരെ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്നത് വിവാദമായിരുന്നു. വ്യത്യസ്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പകരം അഭിഭാഷകര്‍ക്ക് മുന്‍തൂക്കം വരുന്നതിനെതിരെയും വിമര്‍ശനമുണ്ട്.

അതേ സമയം സിഡബ്ല്യുസി നിയമനങ്ങള്‍ കുറ്റമറ്റതും സുതാര്യവും ആകണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷന്‍ ഓഫ് പ്രഫഷനല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് (കെഎപിഎസ്) മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. കുട്ടികളുടെ മേഖലയില്‍ മതിയായ പ്രവൃത്തിപരിചയം ഇല്ലാത്തതിന്റെ പേരില്‍ അയോഗ്യരാക്കിയവരെയും സിഡബ്ല്യുസി അഭിമുഖങ്ങള്‍ക്ക് കുത്തിനിറയ്ക്കുന്നുവെന്ന ആരോപണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഇവരുടെ ഇടപെടല്‍. എംഎസ്ഡബ്ല്യു പോലുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയില്‍ ഏഴ് വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ളവരുമായ ഒട്ടേറെപ്പേര്‍ ഉള്ളപ്പോള്‍ അവരെ പരിഗണിക്കാതെ തികഞ്ഞ രാഷ്ട്രീയ നിയമനം നടത്തുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കും. ഇത്തരം സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാവുമെന്നും കത്തില്‍ പറയുന്നു. യോഗ്യതയില്ലാത്തവരെ നിയമിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ പോക്‌സോ ഇരകളുടെ ആത്മഹത്യ ഉള്‍പ്പെടെ സിഡബ്ല്യസി ഒട്ടേറേ വിവാദങ്ങളില്‍ പെട്ടിരുന്നു. അഭിഭാഷകരായിരുന്നു നിയമിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.
അനാഥാലയങ്ങളിലെയും മറ്റും നിയമോപദേശകര്‍ എന്നത് മാത്രമായിരുന്നു പലരുടെയും യോഗ്യത. വ്യത്യസ്ത മേഖലകളില്‍പെട്ടവര്‍ കമ്മിറ്റിയില്‍ വേണമെന്നിരിക്കെ അഭിഭാഷകരെ മാത്രം കുത്തിനിറയ്ക്കുന്നത് കുട്ടിയെ എല്ലാ തരത്തിലും പരിഗണിക്കുന്ന തീരുമാനമെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നാണ് ആരോപണം. സൈക്കോളജിസ്റ്റ്, ഫിസിഷ്യന്‍, പ്രഫഷനല്‍ സോഷ്യല്‍ വര്‍ക്കര്‍, സ്‌പെഷല്‍ ടീച്ചര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട ടീം രൂപീകരിച്ചാലേ കുട്ടിയുടെ പ്രശ്‌നങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ പരിഹാരം കാണാനാവൂ. അഭിരുചിയും ബാല സൗഹൃദ മനോഭാവവും മാനസികാരോഗ്യവും മനസ്സിലാക്കി മാത്രമേ നിയമനം നല്‍കാവൂ എന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള മുന്‍ ഇടപെടലുകളും പരാതികളും വകവെക്കാതെയാണ് നിലവിലെ നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്ന ആരോപണം ശക്തമാണ്.

 

 

Sharing is caring!