കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ ?

കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ ?

കരിപ്പൂര്‍: കോവിഡ് കാലത്ത് നിര്‍ത്തിയ വിമാന സര്‍വീസുകള്‍ 27ന് പുനരാരംഭിക്കുമ്പോള്‍ അനുമതികാത്ത് വലിയ വിമാനങ്ങള്‍. തിരക്കേറിയ ഗള്‍ഫ് മേഖലകളില്‍ ലാഭകരമായി സര്‍വീസ് നടത്തിയിരുന്ന എയര്‍ഇന്ത്യ, എമിറേറ്റ്‌സ്, ഇത്തിഹാദ്, സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍ലൈന്‍സ് കമ്പനികളാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നത്.

എയര്‍ഇന്ത്യയുടേത് ജംബോജെറ്റ് വിമാനമാണ്. ബോയിങ് 747 ഇനത്തില്‍പ്പെട്ട, 420 പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണ് എയര്‍ഇന്ത്യ സൗദി സെക്ടറില്‍ ഉപയോഗിച്ചിരുന്നത്. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വീസ്. സൗദി എയര്‍ലൈന്‍സും എമിറേറ്റ്‌സും 320 പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണ് ഉപയോഗിച്ചത്. ഇത്തിഹാദിലും ഖത്തര്‍ എയര്‍വേയ്‌സിലും 280 പേര്‍ക്കായിരുന്നു യാത്രാസൗകര്യം. ഇത്തിഹാദ് അബുദാബിയിലേക്കും എമിറേറ്റ്‌സ് ദുബായിലേക്കുമായിരുന്നു സര്‍വീസ്. ഖത്തര്‍ എയര്‍വേയ്സ് ഖത്തറിലേക്കും.

റണ്‍വേയിലെ കാര്‍പറ്റിങ് പ്രവൃത്തിയെ തുടര്‍ന്ന് ഷെഡ്യൂള്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തിയത്. പണി പൂര്‍ത്തിയായിട്ടും അനുമതി നല്‍കിയില്ല. ഗള്‍ഫ് യാത്രക്കാരുടെ നിരന്തര ആവശ്യം മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും നേരില്‍കണ്ട് വിമാന സര്‍വീസിന് അനുമതി വാങ്ങി. സര്‍വീസ് വീണ്ടും തുടങ്ങിയെങ്കിലും കരിപ്പൂര്‍ വിമാനാപകടത്തിനുശേഷം അനുമതി റദ്ദാക്കി. കോവിഡ് കാലത്ത് പൂര്‍ണമായും നിലച്ചു.

കരിപ്പൂരിന്റെ റണ്‍വേ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് പര്യാപ്തമാണെന്ന് ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ) ഉന്നത സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ വ്യോമയാന മന്ത്രാലയം തീരുമാനം പുനഃപരിശോധിച്ചിട്ടില്ല.

 

Sharing is caring!