ഫാത്തിമ തഹ്ലിയ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ലീ​ഗ് നീക്കം

ഫാത്തിമ തഹ്ലിയ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ലീ​ഗ് നീക്കം

മലപ്പുറം: മുൻ ഹരിത (Hairhta) ഭാരവാഹികൾക്ക് സ്ഥാനം നഷ്ടമായതിനെ തുടർന്ന് ലഭിക്കുന്ന പൊതുസ്വീകാര്യത ലീ​ഗ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു. ഇതേ തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി തലവേദന ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാർട്ടി നേതൃത്വമെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.

എം എസ് എഫ് പ്രസിഡന്റ് പികെ നവാസിനെതിരെ (P K Navas) ശക്തമായ നിലപാടുമായി മുന്നോട്ട് വന്നതാണ് ഹരതയിലെ ഒരു വിഭാ​ഗത്തോട് പാർട്ടി ഇടയാൻ ഉണ്ടായ കാരണം. നവാസിനെതിരെ ഉയർത്തിയ ​ഗുരുതര ആരോപണങ്ങൾക്ക് പാർട്ടി വേണ്ടത്ര പരി​ഗണന നൽകാതിരുന്നതോടെ നിയമ വഴികളിലേക്ക് നീങ്ങാൻ അവർ നിർബന്ധിതരായി. തുടർന്ന് വനിതാ കമ്മീഷനേയും, കോടതിയേയും ഇവർ സമീപിച്ചു. പി കെ നവാസിനെതിരായ കോടതി നടപടികൾ അടുത്ത മാസം തുടങ്ങാനിരിക്കേ പാർട്ടി സംവിധാനത്തിന് കൂടുതൽ പരുക്കേൽകുന്നതിന് മുന്നേ തന്നെ ഇവരെ പുറത്താക്കാനാണ് നീക്കം. മുൻ ഹരിത നേതാക്കളായ ഫാത്തിമ തഹ് ലിയ (Fathima Thehlia),മുഫീദ തെസ്‌നി,നജ്മ തബ്ഷീറ എന്നിവർക്കെതിരെയാണ് നടപടിയുണ്ടാവുക.

ഫാത്തിമ തഹ് ലിയ,മുഫീദ തെസ്‌നി,നജ്മ തബ്ഷീറ എന്നിവരുടെ നിലപാടുകൾക്ക് വൻ സ്വീകാര്യതയാണ് കേരള സമൂഹത്തിൽ ലഭിച്ചത്. മുസ്ലിം ലീ​ഗ് നേതൃത്വം ഇവരെ പൂർണമായി കൈവിട്ടുവെന്ന നിലയിലാണ് വാർത്തകൾ പുറത്തു വന്നത്. ​ഗുരുതരമായ ആരോപണങ്ങൾ പാർട്ടി പോഷക സംഘടനാ നേതാവിനെതിരെ ഉയർത്തിയെങ്കിലും സ്ത്രീപക്ഷ വാദങ്ങൾ പൂർണമായും തള്ളുന്ന നിലപാടാണ് മുസ്ലിം ലീ​ഗ് സ്വീകരിച്ചത്. ആരോപണ വിധേയനെ സംരക്ഷിക്കുകയും ആരോപണം ഉയർത്തിയവർക്കെതിരെ അച്ചടക്ക നടപടി വരികയും ചെയ്തു.

Sharing is caring!