പ്രണയം നടിച്ച് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി രണ്ടാം പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. അമരമ്പലം ചുള്ളിയോട് പൊന്നാംകല്ല് പാലപ്ര വീട്ടില്‍ സെബീര്‍ (25)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2021 ആഗസ്റ്റ് 27നാണ് കേസിന്നാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വശീകരിച്ച് മൂന്നംഗ സംഘം പെണ്‍കുട്ടിയുടെ വഴിപ്പാറയിലുള്ള വീട്ടില്‍ നിന്നും വിളിച്ചിറക്കി കാറില്‍ കയറ്റി ബേക്കല്‍ ബീച്ചില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സെപ്തംബര്‍ രണ്ടിനും ഇത് ആവര്‍ത്തിച്ചതായും പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ വാട്സ് ആപ്പില്‍ അയപ്പിച്ചതായും പരാതിയില്‍ പറയുന്നു. സെപ്തംബര്‍ 23ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ ഇന്റിമേഷന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സികെ നൗഷാദ് ഒക്ടോബര്‍ 20ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Sharing is caring!