കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ വിപുലീകരണം സാധ്യമല്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ വിപുലീകരണം സാധ്യമല്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ വിപുലീകരണം സാധ്യമല്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വലിയ വിമാനങ്ങളിറക്കാന്‍ പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തണമെന്നാണ് നിര്‍ദേശം. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
കരിപ്പൂരിലെ റണ്‍വേ വികസനം ചെലവേറിയതാണെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദം. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനും നീളംകൂടിയ റണ്‍വേകള്‍ വേണമെന്നും അതോറിറ്റി നിലപാടെടുക്കുന്നു.
കരിപ്പൂരിലെ റണ്‍വേ 2700 മീറ്ററാണ് നീളം. ഇത് കൂട്ടാന്‍ പദ്ധതി തയ്യാറാക്കിയ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരിനോട് 485 ഏക്കര്‍ ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചുരുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 152.5 ഏക്കര്‍ ഏറ്റെടുത്ത് നല്‍കാമെന്നും ഉറപ്പുനല്‍കി. സ്ഥലമെടുപ്പിന് പ്രാരംഭ നടപടി തുടങ്ങി. ആവശ്യമായ ഫണ്ടും വകയിരുത്തി. ഇതിനിടയിലാണ് ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന വാദവുമായി എയര്‍പോര്‍ട്ട് അതോറിറ്റി രംഗത്തെത്തിയത്.
കരിപ്പൂര്‍ വിമാനദുരന്തത്തെക്കുറിച്ച് പഠിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് വിശദമായി അവലോകനം ചെയ്തശേഷം വലിയ വിമാനങ്ങളിറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. റിപ്പോര്‍ട്ട് പഠിക്കാനും വിമാനത്താവളത്തിലെ ന്യൂനത പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും വ്യോമയാന സെക്രട്ടറി പ്രദീപ് കുമാര്‍ ഖരോല അധ്യക്ഷനായി മന്ത്രാലയം ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്.

Sharing is caring!