മലപ്പുറത്തിന് വേണ്ടത് ശാശ്വത പരിഹാരം : പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കുക : കാംപസ് ഫ്രണ്ട്

മലപ്പുറത്തിന് വേണ്ടത് ശാശ്വത പരിഹാരം : പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കുക : കാംപസ് ഫ്രണ്ട്

മലപ്പുറം: കാലങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും അതിനായി ജില്ലയിൽ പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കണമെന്നും കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ വർഷവും നടക്കുന്നത് പോലെ 20 ശതമാനം സീറ്റ് വർധനവിൻ്റെ പ്രഖ്യാപനവുമായി വിദ്യാർത്ഥികളെ വീണ്ടും കബളിപ്പിക്കുകയാണ് സർക്കാർ. കഴിഞ്ഞ വർഷവും സീറ്റ് വർധിപ്പിച്ചതോടെ ഓരോ ക്ലാസുകളിലും 65ഓളം വിദ്യാർഥികളാണ് ഒരുമിച്ചിരുന്ന് പഠിക്കേണ്ടി വന്നത്. ഇത്തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകാത്ത വിധം വിദ്യാർത്ഥികളെ ക്ലാസ് മുറിക്കകത്ത് കുത്തിനിറച്ച് പൊറുതിമുട്ടിക്കുന്നത് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുക. ജില്ലയിലെ ഹയർസെക്കൻണ്ടറി പ്രതിസന്ധിക്ക് ഒരിക്കലും പരിഹാരമല്ലാത്ത താൽക്കാലിക സീറ്റ് വർദ്ധനവിന്റെ ശതമാനക്കണക്ക് പറഞ്ഞ് യഥാർത്ഥ പ്രശ്നങ്ങളെ മറച്ചുപിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിലെ ഹൈസ്കൂളുകൾ ഹയർസെക്കൻണ്ടറികളാക്കി ഉയർത്തിയും, ഭൗതികസൗകര്യങ്ങളോടുകൂടി പുതിയ ബാച്ചുകൾ അനുവദിച്ചും മലപ്പുറം ജില്ലക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിലൂടെ മാത്രമേ കാലങ്ങളായി തുടരുന്ന ഈ ഗുരുതര പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ഷുഹൈബ് ഒഴുർ, മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ്‌ അർഷക്ക് ശർബാസ്, മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ റമീസ് ഇരിവേറ്റി, ഹാസിൻ മഹ്‌സൂൽ, ഫയ്യാസ് മഞ്ചേരി, തമീം ബിൻ ബക്കർ, അർഷദ് പട്ടർനക്കടവ്, റിംഷാദ് പുതുക്കോട്, യൂനുസ് വെന്തൊടി എന്നിവർ സംസാരിച്ചു.

Sharing is caring!