കരുവാരക്കുണ്ടില്‍ വനംവകുപ്പിന്റെ ജീപ്പ് വീടിനു മുകളിലേക്കു മറിഞ്ഞു ആറു ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു

കരുവാരക്കുണ്ടില്‍ വനംവകുപ്പിന്റെ ജീപ്പ് വീടിനു മുകളിലേക്കു മറിഞ്ഞു ആറു ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു

കരുവാരക്കുണ്ടില്‍ വനംവകുപ്പിന്റെ ജീപ്പ് വീടിനു മുകളിലേക്കു മറിഞ്ഞു ആറു ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. കല്‍കുണ്ട് ആര്‍ത്തലക്കുന്ന് കോളനിക്കു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം. കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ആര്‍ത്തലക്കുന്ന് കോളനിക്ക് സമീപം ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തില്‍ ഒരാളുടെ ജീവന്‍ അപഹരിച്ച കൊലയാളി കാട്ടുപോത്ത് നിലകൊള്ളുന്നതായ വിവരം അന്വേഷിക്കാനെത്തിയ സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. മുകളിലേക്കു പോവുകയായിരുന്ന ജീപ്പ് നിയന്ത്രണംതെറ്റി പിന്നോട്ടോടി മുപ്പതടിയോളം താഴ്ചയിലുള്ള വെള്ളാരംകുന്നേല്‍ സെബാസ്റ്റ്യന്റെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്നു.
രണ്ടു വനിതകള്‍ ഉള്‍പ്പെടെ ആറു ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. കരുവാരകുണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഗിരീഷ്, അഭിലാഷ്, അമൃതരശ്മി, വിനീത, വാച്ചര്‍ രാമന്‍, ഡ്രൈവര്‍ നിര്‍മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ടവരെ പെരിന്തല്‍മണ്ണ, കരുവാരകുണ്ട് എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം കുടിയേറ്റ പ്രദേശമായ കല്‍കുണ്ട് മേഖലയോടുള്ള അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. അപകടം നടന്ന ഭാഗത്ത് റോഡിനു സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഗ്രാമപഞ്ചായത്തധികൃതരെ സമീപിച്ചിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. അപകടത്തില്‍ തകര്‍ന്ന വീട് എത്രയും വേഗം പുനര്‍നിര്‍മിച്ചു നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

Sharing is caring!