ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ  പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500 ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും ഇനി മുതല്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കുറവും 300ലധികം ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകള്‍ക്കും ഇത് ബാധകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200ല്‍ കുറവ് കോവിഡ് രോഗികളുമുള്ള പ്രദേശങ്ങളും വാര്‍ഡ് തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണാകും.500ല്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ താഴെയും മറിച്ചുമായ നഗരസഭകളും ഡിവിഷന്‍ തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടും. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കും. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം, മറ്റ് അവശ്യകാര്യങ്ങള്‍ക്ക് അല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാതൊരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ലെന്നും മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും  ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

മേല്‍ നിബന്ധകള്‍ പ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

വേങ്ങര, തേഞ്ഞിപ്പലം, മൂന്നിയൂര്‍, വള്ളിക്കുന്ന്, അങ്ങാടിപ്പുറം, എടപ്പാള്‍ പഞ്ചായത്തുകളിലും പൊന്നാനി, കൊണ്ടോട്ടി, പരപ്പനങ്ങാടി, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ നഗരസഭകളിലും ആക്ടീവ് കേസുകളുടെ എണ്ണം അഞ്ചൂറിന് മുകളിലാണ്. പെരുവള്ളൂര്‍, കണ്ണമംഗലം, കാളികാവ്, പോരൂര്‍, വണ്ടൂര്‍, തവനൂര്‍, വാഴക്കാട്, മൊറയൂര്‍, അബ്ദുറഹ്‌മാന്‍ നഗര്‍, കുറ്റിപ്പുറം, മാറഞ്ചേരി, കരുവാരക്കുണ്ട്, പുളിക്കല്‍, മാറാക്കര, മങ്കട, എടവണ്ണ, ഇരിമ്പിളിയം, വട്ടംകുളം, പള്ളിക്കല്‍, മാറഞ്ചേരി പഞ്ചായത്തുകളിലും വളാഞ്ചേരി, തിരൂരങ്ങാടി, താനൂര്‍, കോട്ടക്കല്‍, തിരൂര്‍, നിലമ്പൂര്‍ നഗരസഭകളിലും മൂന്നൂറിന് മുകളിലാണ് കോവിഡ് പോസറ്റീവ് രോഗികളുടെ എണ്ണം. എടരിക്കോട്, വാഴയൂര്‍, വളവന്നൂര്‍, ഊര്‍ങ്ങാട്ടിരി, വഴിക്കടവ്, പറപ്പൂര്‍, ചേലേമ്പ്ര, ചെറുകാവ്, പുറത്തൂര്‍, പുഴക്കാട്ടിരി, കോഡൂര്‍, പൂക്കോട്ടൂര്‍, ഒതുക്കുങ്ങല്‍, തിരുന്നാവായ, ആതവനാട്, മൂര്‍ക്കനാട്, നന്നമ്പ്ര, കാലടി, തൃപ്രങ്ങോട്, തൃക്കലങ്ങോട്, കാവനൂര്‍, കൂട്ടിലങ്ങാടി, അരീക്കോട്, പാണ്ടിക്കാട്, എടയൂര്‍, പൊന്മള, ചീക്കോട്് പഞ്ചായത്തുകളില്‍ 200ലധികം കോവിഡ് പോസറ്റീവ് രോഗികളുണ്ട്. തിരുവാലി, ചാലിയാര്‍, പെരുമണ്ണക്ലാരി പഞ്ചായത്തുകളില്‍ നൂറിലധികവുമാണ് ആക്ടീവ് കേസുകളുടെ എണ്ണം.

കോവിഡ് ആശുപത്രിയായി ഏറ്റെടുത്തു

താനാളൂര്‍ മൂലക്കലിലെ ദയ ഹോസ്പിറ്റല്‍ കോവിഡ് ആശുപത്രിയായി ഏറ്റെടുത്ത്  നടത്തിപ്പ് താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമവും 2020 ലെ കേരള പകര്‍ച്ചവ്യാധിരോഗ നിയമ പ്രകാരവുമാണ് നടപടി.
അഞ്ച് നിലകളിലായുള്ള ആശുപത്രി കെട്ടിടത്തില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. കെട്ടിടത്തില്‍ 205 കിടക്കകളും 64 ഓക്‌സിജന്‍ ബെഡ്ഡുകളും  10 ബെഡ്ഡോഡുകൂടിയ ഐ.സി.യുവും രണ്ട് വെന്റിലേറ്റര്‍ സംവിധാനങ്ങളുമുണ്ട്. രണ്ടാമത്തെ നിലയില്‍ ജനറല്‍ വാര്‍ഡില്‍ 20 പേര്‍ക്കും റൂമുകളില്‍ രണ്ട് പേരടക്കം 44 പേര്‍ക്കും  മൂന്ന്, നാല്  നിലകളില്‍ 24  വീതമുള്ള റൂമുകളില്‍ 48 പേര്‍ക്കും സൗകര്യമുണ്ട്.  അഞ്ചാം നിലയില്‍ 20 കിടക്കകളാണ് കിടത്തി ചികിത്സയ്ക്കുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിവസങ്ങളായി 30 ശതമാനത്തിന് മുകളിലാണ്. നിലവിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക്  താങ്ങാവുന്നതിലധികമായി രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ അത്യാവശ്യമായി വന്നിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി ആയുര്‍വേദ വിഭാഗം

ജില്ലയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വീടുകളില്‍ തന്നെ കഴിയുന്ന  പോസിറ്റീവായ കൂടുതല്‍ പേര്‍ സര്‍ക്കാരിന്റെ ആയുര്‍വേദ ചികിത്സാ പദ്ധതിയായ ഭേഷജത്തിന്റെ ഗുണഭോക്താക്കളാകുന്നു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടുകൂടിയ കാറ്റഗറി എ വിഭാഗത്തിലെ രോഗികളെ ചികിത്സിക്കാന്‍ കഴിഞ്ഞ നവംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രകാരം അനുമതി നല്‍കിയത്.
ജില്ലയിലാകെ 114 ആയുര്‍രക്ഷാ ക്ലിനിക്കുകളാണുള്ളത്. ആയിരത്തിലധികം  രോഗികളാണ് ദിനംപ്രതി  ആയുര്‍വേദ സ്ഥാപനങ്ങളിലെ ആയുര്‍രക്ഷാ ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സയ്ക്ക് വിധേയമാകുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ആശ പ്രവര്‍ത്തകര്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നും മരുന്നുകള്‍ ഹോം ഐസൊലേഷനിലുള്ള രോഗികള്‍ക്ക് എത്തിക്കുന്നത്. രോഗമുക്തി വന്നവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനര്‍ജനി പദ്ധതിയും എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കിയിട്ടുണ്ട്.
ജില്ലയില്‍ ആയുര്‍വേദ വിഭാഗം ക്വാറന്റൈനില്‍ കഴിയുന്നവരുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ആവിഷ്‌ക്കരിച്ച  ടെലി   കൗണ്‍സിലിങായ ‘കൂടെ’ പദ്ധതി നിരവധി പേര്‍ക്ക് ഉപകാരപ്രദമായിരുന്നു . കൂടെ പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന തല ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് പുറമെ നാഷനല്‍ ആയുഷ് മിഷന്‍, കോട്ടക്കല്‍ ആയുര്‍വേദ കോളേജ്, കോട്ടക്കല്‍ ആയുര്‍വേദ മാനസീകരോഗ്യ ഗവേഷണ കേന്ദ്രം എന്നിവയും ഹെല്‍പ്പ് ലൈനില്‍  സഹകരിക്കുന്നു. 250 -ല്‍ പരം സേവന സന്നദ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരാണ് ഹെല്‍പ്പ് ലൈനില്‍   സൗജന്യമായി സേവനമനുഷ്ഠിക്കുന്നത്.
ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിനായി 10 ലക്ഷം രൂപ അടിയന്തിര ഫണ്ടായി അനുവദിച്ചിട്ടുണ്ട്. രോഗികള്‍ക്ക് വിളിക്കാനും പൊതുജനങ്ങള്‍ക്ക്   വിവരങ്ങള്‍ അന്വേഷിക്കാനും ആയുര്‍വേദ മെഡിക്കല്‍  അസോസിയേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കാള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍- -7034940000

Sharing is caring!